ആഭരണം നിർമ്മിക്കാൻ നൽകിയ സ്വർണവുമായി ജീവനക്കാർ മുങ്ങി

Sunday 15 February 2026 1:48 AM IST

കൊച്ചി: ആഭരണം നിർമ്മിക്കാൻ കമ്പനി നൽകിയ സ്വർണവുമായി ജീവനക്കാർ കടന്നുകളഞ്ഞു. 20 ലക്ഷം രൂപ വിലമതിക്കുന്ന 141.140 ഗ്രാം സ്വർണമാണ് നഷ്ടമായത്. കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക് സോണിൽ (സെസ്) പ്രവർത്തിക്കുന്ന കമ്പനിയുടെ പരാതിയിൽ ജീവനക്കാർക്കെതിരെ കേസെടുത്തു. പശ്ചിമബംഗാൾ സ്വദേശികളായ പ്രശാന്ത് ശങ്കർ, റഫീദ് ഉൾ മുൻഷി എന്നിവർക്കായാണ് അന്വേഷണം.

സ്വർണാഭരണങ്ങൾ നിർമ്മിച്ച് വിദേശത്തേക്ക് കയറ്റി അയക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു പ്രതികൾ. ജനുവരി 12 മുതൽ 22 വരെ സ്വർണാഭരണങ്ങൾ നിർമ്മിക്കാൻ പ്രശാന്തിന് 688.190 ഗ്രാം സ്വർണവും ഷെഫിക് ഉൾ മുൻഷിക്ക് 524.370 ഗ്രാം സ്വർണവും കമ്പനി നൽകിയിരുന്നു. എന്നാൽ സ്വർണാഭരണ നിർമ്മാണത്തിന്റെ മറവിൽ പ്രശാന്ത് 92.470 ഗ്രാം സ്വർണവും ഷെഫിക് ഉൾ മുൻഷി 48.670 ഗ്രാം സ്വർണവും കൈക്കലാക്കുകയായിരുന്നുവെന്നാണ് കമ്പനി നൽകിയ പരാതിയിൽ പറയുന്നത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടമായ വിവരം കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടത്. കമ്പനി മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ ഏതാനും വർഷമായി എക്സ്പോർട്ടിംഗ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. സ്വർണവില കുതിച്ചുയർന്നതോടെ ഇരുവരും ആഭരണം കൈക്കലാക്കി കടന്നുകളയാൻ പദ്ധതിയിട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇരുവരും ഒന്നിച്ച് നടത്തിയ പദ്ധതിയാണോ, തനിയെ സ്വർണം തട്ടിയതാണോയെന്നതെല്ലാം അന്വേഷണ പരിധിയിലുണ്ട്. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണ്. പ്രതികൾ കേരളം വിട്ടിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. സ്വർണം വിൽക്കാൻ സാദ്ധ്യതയുള്ള സ്ഥാലങ്ങളിലേക്കടക്കം അന്വേഷണം നീളും. പ്രതികളെ ഉടൻ പിടികൂടുമെന്ന പ്രതീക്ഷയിലാണ് പൊലീസ് മുന്നോട്ട് പോകുന്നത്. നി​കുതി​ ഇളവോടെ ഇറക്കുമതി​ നടത്തുന്ന സെസി​ലെ കമ്പനി​കൾക്ക് ഉത്പന്നങ്ങൾ പൂർണമായും കയറ്റുമതി​ ചെയ്യണമെന്നാണ് ചട്ടം.

2014 ഗോൾഡ് കേസ് കയറ്റുമതിക്കായി കൊണ്ടുവന്ന 21.95 കിലോ സ്വർണം അനധികൃതമായി വിപണിയിൽ മറിച്ചുവിറ്റതിന് സെസിൽ ഒരു സ്ഥാപനത്തിന്റെ ഉടമയടക്കം നാലുപേരെ കസ്റ്റംസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു.

2013 എക്‌സ്‌പോർട്ട്‌സ് കേസ്

നികുതിയില്ലാതെ ഇറക്കുമതി ചെയ്ത സ്വർണം പ്രാദേശിക വിപണിയിൽ വിറ്റതിന് മാനേജർ, ജനറൽ മാനേജർ എന്നിവരെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയിരുന്നു.