മാഹിയും തിരഞ്ഞെടുപ്പ് ചൂടിലേക്ക് സ്ഥാനാർത്ഥി നിർണയചർച്ച സജീവം
മാഹി: അസംബ്ലി തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങുന്നതിനിടെ പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജയസാദ്ധ്യത മുൻനിർത്തി സ്ഥാനാർത്ഥി നിർണയചർച്ചകൾ ഏറെക്കുറെ ഇവിടെയും സജീവമായിക്കഴിഞ്ഞു. കോൺഗ്രസ് സിറ്റിംഗ് എം.എൽ.എ രമേശ് പറമ്പത്തിന് വീണ്ടും അവസരം നൽകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. പുതുച്ചേരി കോൺഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പറയത്തക്ക ഭീഷണിയില്ല.കോൺഗ്രസ് ജനറൽ സെക്രട്ടറിയും പ്രമുഖ സംഘാടകനുമായ യുവനേതാവ് സത്യൻ കേളോത്തിന്റെ പേര് പാർട്ടിയിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും രമേഷ് പറമ്പത്തിന് ടിക്കറ്റ് നിഷേധിക്കുന്നിടത്തേക്ക് നേതൃത്വം പോകില്ലെന്നാണ് സൂചന. സി.പി.എമ്മിന്റെ പരിഗണനയിലുള്ള പേരുകളിലൊന്ന് പ്രമുഖ അഭിഭാഷകൻ ടി. അശോക് കുമാറിന്റേതാണ്. നേരത്തെ അസംബ്ലിയിലേക്കും പാർലമെന്റിലേക്കും നഗരസഭയിലേക്കും മത്സരിച്ചയാളാണ് ഇദ്ദേഹം. രമേഷ് പറമ്പത്തിന് മുമ്പ് മയ്യഴിയെ പുതുച്ചേരി നിയമസഭയിൽ പ്രതിനിധീകരിച്ചത് സി.പി.എം സ്വതന്ത്രനായ ഡോ.വി.രാമചന്ദ്രനാണ്. മറ്റൊരു റിട്ട.അദ്ധ്യാപകനായ എൻ.ഹരിദാസൻ മാസ്റ്റർ മത്സരിച്ചപ്പോൾ വെറും 400 ൽ താഴെ വോട്ടുകൾക്കായിരുന്നു പരാജയം. ജീവകാരുണ്യ പ്രവർത്തകനും കലാകാരനും, സർവീസ് സംഘടനാ നേതാവുമായ റിട്ട. അദ്ധ്യാപകൻ സി.എച്ച് പ്രഭാകരനെ സി.പി.എം പരിഗണിക്കാനുള്ള സാദ്ധ്യതയും ഇവിടെ നിലനിൽക്കുന്നുണ്ട്. പുതുച്ചേരിയിലും കേന്ദ്രത്തിലും ഭരണമുള്ളതിനാൽ മാഹി ഇത്തവണ പിടിച്ചെടുക്കാമെന്നാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം. ശരാശരി 4000 വോട്ടുകളിൽ നിന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 7500 വോട്ടിലേക്ക് ഉയർന്നത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന നേതാവും പ്രവാസിയുമായ അങ്കവളപ്പിൽ ദിനേശൻ, അഡ്വ. അശോകൻ പള്ളൂർ എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. പ്രമുഖ ധനകാര്യസ്ഥാപനമായ ഭാരത് ലജ്ന ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ പ്രേംകുമാറിന് പുതുച്ചേരിയിലെ നേതൃത്വം പരിഗണിക്കുന്നതായുള്ള സൂചനയും പുറത്തുവന്നിട്ടുണ്ട്.
സാമുദായിക പരിഗണനയും
തീയ്യ വിഭാഗത്തിൽ പെട്ടവരാണ് മണ്ഡലത്തിൽ ഏറിയകൂറും വിജയം നേടിയിട്ടുള്ളത്. മൂന്ന് മണ്ഡലങ്ങളുണ്ടായിരുന്ന കാലത്ത് മാത്രമാണ് ഇതിന് ചെറിയൊരു അപവാദം ഉണ്ടായത്. വിമോചന സമര നായകൻ ഐ.കെ.കുമാരൻ, മുൻ ഡെപ്യൂട്ടി സ്പീക്കർമാരായ വി.എൻപുരുഷോത്തമൻ, പി.കെ. സത്യാനന്ദൻ, എ.വി.ശ്രീധരൻ,രമേശ് പറമ്പത്ത്, മുൻ മന്ത്രിമാരായ സി ഇ.ഭരതൻ , ഇ.വത്സരാജ്, സി പി.എം.നേതാവ് കെ.വി.രാഘവൻ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തിൽ നിന്നുള്ളവരാണ്. 26. 7 ശതമാനം മുസ്ലീങ്ങളും മൂന്നു ശതമാനം ക്രിസ്ത്യൻ വിഭാഗവുമാണ് മാഹിയിലുള്ളത്.മുസ്ളിം ലീഗ് ഘടകം മാഹിയിൽ അത്രയ്ക്ക് ശക്തമല്ല. മൂലക്കടവ്,ഈസ്റ്റ് പള്ളൂർ, ഫ്രഞ്ച് പെട്ടിപ്പാലം പ്രദേശങ്ങളിൽ എസ്.ഡി.പി.ഐയ്ക്കും പോക്കറ്റുകളുണ്ട്.
മയ്യഴി
ആകെ വോട്ടർമാർ 28,507
കഴിഞ്ഞ തവണ 31,090
തള്ളിയത് 2583