നീന്തൽക്കുളത്തിൽ വീണ് ചികിത്സയിലായിരുന്ന ബാലിക മരിച്ചു
Sunday 15 February 2026 1:18 AM IST
കൊച്ചി: മാതാവിനൊപ്പം അപ്പാർട്ട്മെന്റിലെത്തിയപ്പോൾ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീണ് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. നെട്ടൂർ പഴയ മാർക്കറ്റിന് സമീപം ഉദയപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ഗോകുലിന്റെ മകൾ ഇനിയയാണ്(4) കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ മരിച്ചത്.
ഫെബ്രുവരി ഒന്നിനായിരുന്നു അപകടം. തേവര ഫെറിക്ക് സമീപത്തെ റെവേറ അപ്പാർട്ട്മെന്റിലെ താമസക്കാർക്ക് തുണി ഇസ്തിരിയിട്ട് നൽകാനെത്തിയ മാതാവ് സന്ധ്യയ്ക്കൊപ്പം വന്നതായിരുന്നു ഇനിയ. ഇതിനിടെ മാതാവിന്റെ ശ്രദ്ധയിൽപ്പെടാതെ നീന്തൽക്കുളത്തിന് സമീപത്തേക്ക് പോയി. കുഞ്ഞിനെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് നീന്തൽക്കുളത്തിൽ കണ്ടത്. ആറ് ദിവസം എറണാകുളം സൗത്തിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.