ചുട്ടുപൊള്ളുന്ന കേരളം
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയതോടെ സംസ്ഥാനത്ത് ചൂട് അനുദിനം വർദ്ധിക്കുകയാണ്. കേരളത്തിൽ ചിലയിടങ്ങളിൽ 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. അനൗദ്യോഗിക റെക്കോർഡ് പ്രകാരം സംസ്ഥാനത്തു പലയിടങ്ങളിലും ഉയർന്ന ചൂട് 36നു 39 ഡിഗ്രിക്കും ഇടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് അനുഭവപ്പെടുന്നത് കടുംവേനലിനു സമാനമായ ചൂടാണ്. പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും ഉയർന്ന ചൂട്. പാലക്കാട് ജില്ലയിൽ താപനില 37 ഡിഗ്രി സെൽഷ്യസ് കടന്നു. മദ്ധ്യകേരളത്തിലെ മറ്റു ജില്ലകളിൽ ശരാശരി 37 - 39 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടുന്നുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലായതിനാൽ, അനുഭവപ്പെടുന്ന ചൂട് യഥാർഥ താപനിലയെക്കാൾ കൂടുതലായിരിക്കും. ഇത് നിർജലീകരണത്തിനും സൂര്യാതപത്തിനും കാരണമായേക്കാം.
കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ തുടങ്ങിയവർ പകൽ 11 മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഭക്ഷണ വിതരണം നടത്തുന്നവർ ഈ സമയത്ത് സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കണം.
വെന്ത് വെണ്ണീരായി പാലക്കാടും
കനത്ത വേനലിൽ ഓരോ ദിവസവും ചുട്ടുപഴുക്കുകയാണ് പാലക്കാട്. കഴിഞ്ഞ മാസം അവസാന വാരത്തോടെ തന്നെ ജില്ലയിലെ താപനില 36 ലേക്ക് എത്തിയിരുന്നു. ഈ മാസം അത് 39 ലേക്ക് ഉയരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ജില്ലയിൽ പകൽ 11 കഴിഞ്ഞാൽ പുറത്തിറങ്ങാനാവത്ത ചൂടാണ്. വലിയ തോതിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നതിനാൽ വരും ദിവസങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്നാണു കാലാവസ്ഥാ ശാസ്ത്രജ്ഞരും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പ്.
മഴകൂടുതൽ ലഭിച്ച ജില്ലകൾ ചുട്ടുപൊള്ളുന്നു
ജനുവരിയിൽ ഇത്തവണ ലഭിച്ചത് 55% അധിക മഴയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 7.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജനുവരിയിൽ കേരളത്തിന് ലഭിച്ചത് 11.4 മില്ലിമീറ്ററാണ്. കഴിഞ്ഞ വർഷം 5.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇത്തവണ കൂടുതൽ മഴ ലഭിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളിലാണ് കുറവ് ലഭിച്ചത്.
അതേസമയം, ഫെബ്രുവരിയിൽ മഴ കുറയുകയും ചൂട് കൂടുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ മഴ പൊതുവെ സാധാരണയിൽ കുറവ് ലഭിക്കാനാണ് സാദ്ധ്യത. പകൽ ചൂട് വടക്കൻ കേരളത്തിൽ സാധാരണയെക്കാൾ കൂടുതലും മറ്റിടങ്ങളിൽ സാധാരണ ലഭിക്കാനുമാണ് സാധ്യത. പസഫിക് സമുദ്രത്തിലെ നിലവിലെ ലാനിന പ്രതിഭാസം, വരുംമാസങ്ങളിൽ ന്യൂട്രൽ സ്ഥിതിയിലേക്ക് മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പസഫിക് സമുദ്രത്തിലെ മധ്യ കിഴക്കൻ ഭൂമധ്യരേഖാ പ്രദേശത്തുള്ള സമുദ്രോപരിതലത്തിലെ താപനില സാധാരണ നിലയേക്കാൾ തണുക്കുമ്പോഴുള്ള പ്രതിഭാസമാണ് ലാനിന . ഇത് എൽ നിനോ എന്ന പ്രതിഭാസത്തിന് നേർ വിപരീതമാണ്.
സമുദ്രങ്ങളിലും ചൂട് കൂടുന്നു
സമുദ്രങ്ങളിൽ ചൂട് കൂടുന്നത് റെക്കാഡ് വേഗത്തിലെന്നാണ് പഠന റിപ്പോർട്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ സമുദ്രതാപനം നാലിരട്ടിയിലധികം വർദ്ധിച്ചിട്ടുണ്ടെന്ന് എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. 1980 കളിൽ സമുദ്രോപരിതല ചൂട് 0.06 ഡിഗ്രി സെൽഷ്യസ് ആയിരുന്നത് ഇപ്പോൾ 0.32 ഡിഗ്രി സെൽഷ്യസ് ആയി വർദ്ധിച്ചു. അടുത്ത 10 വർഷത്തിനുള്ളിൽ ഇതിന്റെ അളവ് വീണ്ടും വർദ്ധിക്കുമെന്നും ഗവേഷകർ പറയുന്നു.
ഭൂമിയിൽ ആഗോളതാപനത്തിന്റെ വേഗത നിർണയിക്കുന്നത് സമുദ്രങ്ങളാണ്. സമുദ്രതാപനം വേഗത്തിലാണെങ്കിൽ കാലാവസ്ഥാ വ്യതിയാനവും വേഗത്തിലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഭൂമിയിലെ ചൂട് വർഷംതോറും കൂടുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് സമുദ്ര താപനിലയിലെ വർദ്ധനവെന്നാണ് വിലയിരുത്തൽ. ഹരിതഗൃഹ വാതകങ്ങൾ മൂലമുണ്ടാകുന്ന ചൂടിന്റെ 90 ശതമാനവും സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്. സമുദ്രങ്ങളിലെ ചൂട് വർദ്ധിക്കുന്നത് പ്രളയം, വരൾച്ച, കാട്ടുതീ, ജലനിരപ്പ് ഉയരുന്നത് എന്നിവക്ക് കാരണമാകുമെന്നും വിദഗ്ദ്ധർ പറയുന്നു. ഇതിനാൽ കാലാവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിനും ചൂടിന്റെ വേഗത കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുകയും മറ്റു അടിയന്തര നടപടികൾ സ്വീകരിക്കുകയും വേണം.
എടുക്കേണ്ട മുൻകരുതലുകൾ
നിർജലീകരണം കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ള വിഭാഗമാണ് കുട്ടികളും ഗർഭിണികളും. ചൂട് അധികമായതിനാൽ രാവിലെ നടത്തുന്ന ഓപ്പൺ അസംബ്ലി സ്‌കൂളുകൾ ഒഴിവാക്കുവാൻ ശ്രമിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അസംബ്ലിയുടെ സമയദൈർഘ്യം കുറയ്ക്കുക. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയം കുട്ടികൾ വെയിലത്ത് കളിക്കുന്നത് ഒഴിവാക്കുക. അതിനുപകരമായി പല ഇൻഡോർ ആക്ടിവിറ്റീസും കുട്ടികൾക്ക് നൽകാവുന്നതാണ്.
കൃത്യമായ ഇടവേളകളിൽ വെള്ളംകുടിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. സർക്കാർ നിർദേശപ്രകാരമുള്ള 'വാട്ടർ ബെൽ' നടപ്പിൽ വരുത്തുക. കാർബണേറ്റഡ് പാനീയങ്ങൾ ജങ്ക്ഫുഡുകൾ എന്നിവ അനിയന്ത്രിതമായി കുട്ടികൾ കഴിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. ഇവ വീണ്ടും നിർജലീകരണം ഉണ്ടാക്കുന്നതിനാണ് വഴിവെക്കുക. ആ ശീലങ്ങൾ ഒഴിവാക്കുവാൻ കുട്ടികൾക്ക് മതിയായ നിർദ്ദേശങ്ങൾ നൽകുക കൂടാതെ തിളപ്പിച്ചാറിയ വെള്ളമാണ് കുട്ടികൾ കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക. പഴവർഗങ്ങളും പച്ചക്കറികളും അവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. അധികസമയം പുറത്തായിരിക്കുന്നതിനാലും മറ്റു പലരുമായി ഇടപഴകുന്നതിനാലും പകർച്ചവ്യാധികൾ അതിവേഗം പടർന്നുപിടിക്കാനുള്ള സാധ്യത കുട്ടികളുടെ കാര്യത്തിൽ കൂടുതലാണ്. പ്രതിരോധം തീർക്കുന്നതിനു മുമ്പുതന്നെ രോഗം പിടിപെടാം. എന്നിരുന്നാലും ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ചെറുക്കാൻ പരമാവധി ശ്രമിക്കാം. വ്യക്തിശുചിത്വം പാലിക്കാൻ കുട്ടികളെ വീടുകളിലും സ്‌കൂളുകളിലും ശീലിപ്പിക്കുക. കൈകൾ വൃത്തിയായി സൂക്ഷിക്കുവാൻ പ്രോത്സാഹിപ്പിക്കുക. സാനിറ്റൈസർ, കൈ കഴുകുന്നതിനുള്ള സോപ്പുവെള്ളം എന്നിവ നിർദിഷ്ട സ്ഥലങ്ങളിൽ വെക്കുക. കാർബണേറ്റഡ് പാനീയങ്ങൾ പോലെ തന്നെ സിപ്പപ്പ്, ഐസ്‌ക്രീം, കുൽഫി തുടങ്ങിയ, വൃത്തിയില്ലാത്ത ചുറ്റുപാടുകളിൽ നിർമിക്കുന്നതോ, വിൽപനയ്ക്ക് വെച്ചിരിക്കുന്നതോ ആയ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നതിൽ നിന്നും കുട്ടികളെ വിലക്കുക.
മറ്റുള്ളവരെ അപേക്ഷിച്ച് ഗർഭിണികൾക്ക് ഹീറ്റ് സ്‌ട്രോക്ക്, ചൂടുമൂലമുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവ അധികമായിരിക്കും. സ്വന്തം ശരീരത്തിന്റെയും ഗർഭസ്ഥ ശിശുവിന്റെയും താപനില നിയന്ത്രിക്കുന്നതിന് കൂടുതൽ ഊർജം എടക്കേണ്ടി വരുന്നതിനാലാണിത്. നിർജലീകരണം ഉണ്ടാകുന്നതിനുള്ള സാധ്യതയും അവർക്ക് കൂടുതലാണ്. ചില സാഹചര്യങ്ങളിൽ ആന്തരിക താപനിലയിൽ ഉണ്ടാകുന്ന വർധനവും പനിയും ജനനവൈകല്യങ്ങൾക്കും മറ്റ് ഗർഭകാല സങ്കീർണതകൾക്കും കാരണമായേക്കാം. ചൂട് കൂടുതലുള്ള സമയങ്ങളിൽ ഗർഭിണികൾ ദീർഘ ദൂരയാത്രകൾ പരമാവധി ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത സാഹചര്യമാണെങ്കിൽ യാത്രകൾ പൂർണമായും ഒഴിവാക്കുക. ചെറിയ യാത്രകളിലാണെങ്കിലും തുറസായ സ്ഥലങ്ങളിൽ നിൽക്കേണ്ടുന്ന സാഹചര്യത്തിലും സൂര്യാഘാതമേൽക്കാത്ത വിധം ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രദ്ധിക്കുക. അതും അയഞ്ഞ വസ്ത്രങ്ങളാണ് ഉചിതം. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക, പഴവർഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.