പാഠപുസ്തക വിതരണത്തിലെ മികവ്

Sunday 15 February 2026 12:54 AM IST

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനു മുമ്പു തന്നെ അടുത്ത അദ്ധ്യായന വർഷത്തേക്കുള്ള പാഠപുസ്കങ്ങളും കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോമും വിതരണം ചെയ്തുവെന്നത് അഭിനന്ദനാർഹമായ മികവാണ്. മുമ്പ് സ്കൂൾ തുറന്നാലും സമയത്ത് പാഠപുസ്തകങ്ങൾ ലഭിക്കാതെ കുട്ടികൾ വലയുന്ന അനുഭവമായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വിദ്യാർത്ഥി സംഘടനകൾ പഠിപ്പും മുടക്കുമായിരുന്നു. ആ അവസ്ഥയാക്കാണ് മാറ്റം വന്നിരിക്കുന്നത്. അദ്ധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് അടുത്തവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞത് മികച്ച മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാഠപുസ്തക-സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കവെ പറയുകയുണ്ടായി. 2016ന് മുമ്പ് പാഠപുസ്തക വിതരണം വൈകിയിരുന്ന കാലം ഉണ്ടായിരുന്നു. അദ്ധ്യാപകർ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ നൽകി ക്ളാസെടുക്കേണ്ട സാഹചര്യത്തിനാണ് മാറ്റം വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പാഠപുസ്തക വിതരണം ഇപ്പോൾ കൃത്യസമയത്ത് നടക്കുന്നത് കഴിഞ്ഞ പത്ത് വർഷത്തിനിടെയുള്ള വിദ്യാഭ്യാസ രംഗത്തെ മാറ്റത്തിന്റെ ഫലമാണ്. സമയ ബന്ധിതമായി പ്രിന്റിംഗ് ഓർഡർ നൽകാത്തതും ഭരണ നടപടികളിലെ കാലതാമസവും മുമ്പ് പുസ്തകങ്ങൾ ലഭിക്കാത്ത അവസ്ഥ സൃഷ്ടിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് സമഗ്ര ഇടപെടലുകൾ നടത്തി സാഹചര്യം മാറ്റാൻ സർക്കാരിന് കഴിഞ്ഞു. അഞ്ചുലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസമേഖലയിൽനിന്ന് വിട്ടുപോവുകയും ആയിരത്തോളം സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയും ചെയ്ത അവസ്ഥ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂൾ തുറക്കുന്നതിനുമുമ്പ് കുട്ടികൾക്ക് പാഠപുസ്തകവും സൗജന്യ കൈത്തറി യൂണിഫോമും എത്തിക്കാൻ കഴിയുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ മികവാണെന്ന് മന്ത്രി വി. ശിവൻകുട്ടി തദവസരത്തിൽ പറയുകയുണ്ടായി. സമയബന്ധിതമായി വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കുന്നത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായിട്ടുണ്ട് . ജനകീയ വിദ്യാഭ്യാസ കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങൾ മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു .

പൊതു വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ വി.ശിവൻകുട്ടി പരാതിക്കിടയില്ലാത്ത വിധം തന്റെ വകുപ്പിനെ നയിക്കുന്നുവെന്ന് പറയാതിരിക്കാനാവില്ല. മികച്ച സംഘാടകൻ കൂടിയായ അദ്ദേഹത്തിന്റെ കണ്ണ് എല്ലാ മേഖലകളിലും എത്തുന്നുണ്ട്. ബിരുദം വരെ സൗജന്യ വിദ്യഭ്യാസം ബഡ്ജറ്റിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യഭ്യാസ നിലവാരം ഉയർത്താനുള്ള ശ്രമം കൂടുതൽ ശുഷ്ക്കാന്തിയോടെ നിർവഹിക്കേണ്ടിയിരിക്കുന്നു. ഇംഗ്ളീഷ് പഠനത്തിൽ വിദ്യാർത്ഥികൾക്ക് ഇപ്പോൾ മതിയായ പരിശീലനം ലഭിക്കുന്നുണ്ടോയെന്നു സംശയമാണ്. എം.എ. ഇംഗ്ളീഷ് സാഹിത്യം പഠിച്ചവർക്കുപോലും തെറ്റു കൂടാതെ ഇംഗ്ളീഷ് സംസാരിക്കാൻ കഴിയാതെ വരുന്നുണ്ട്. മാത്രമല്ല ഡോക്ടറേറ്റ് എടുത്തവർ പോലും ഇക്കാര്യത്തിൽ വൈഷമ്യം നേരിടുന്ന സംഭവങ്ങൾ നമ്മൾക്കു മുന്നിലുണ്ട്. ഭാഷ പ്രത്യേകിച്ചും ഇംഗ്ളീഷിൽ പ്രാവീണ്യം നേടുകയെന്നത് ഇന്നത്തെ മത്സര യുഗത്തിൽ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. മലയാളം മീഡിയത്തിൽ പഠിക്കുന്ന

കുട്ടികൾക്കും ഇംഗ്ളീഷ് നല്ല രീതിയിൽ ഹൃദിസ്ഥമാകണമെങ്കിൽ ആ രീതിയിലുള്ള പഠന രീതി പ്രൈമറി സ്കൂൾ തലം മുതൽക്കേ ആവിഷ്ക്കരിക്കണം. സായിപ്പിന്റെ ഭാഷ എന്തിനു പഠിക്കണം ? ആശയ വിനിമയത്തിനു ഭാഷ ആവശ്യമാണോയെന്നൊക്കെ ചോദിക്കാൻ എളുപ്പമാണ്. എന്നാൽ ലോകമെമ്പാടും ഇംഗ്ളീഷ് ഭാഷയ്ക്കുള്ള പ്രാധാന്യം തിരിച്ചറിയാൻ പുറം ലോകത്ത് സഞ്ചരിക്കുന്നവരോട് ചോദിച്ചാൽ മതിയാകും. കുട്ടികൾ കഴിയുന്നത്ര ഭാഷകൾ പഠിക്കട്ടെ. ലോകം തൊഴിലവസരങ്ങളുടെ ഇടമായി മാറുമ്പോൾ അവിടെ മുന്നേറാൻ ഭാഷ അത്യന്താപേക്ഷിതമാണ്. പലകാര്യങ്ങളിലും മികവു കാട്ടുന്ന പൊതു വിദ്യഭ്യാസ വകുപ്പ് ഇക്കാര്യത്തിലും മുൻകൈയ്യെടുക്കുമെന്ന് പ്രതിക്ഷിക്കട്ടെ.