റെയർ എർത്ത് കോറിഡോർ കരിമണലിൽ തെളിയുന്നു,​ കേരള ഭാഗ്യജാതകം

Sunday 15 February 2026 12:59 AM IST

കേരളത്തിന്റെ തെക്കുപടിഞ്ഞാറൻ തീരദേശത്ത്, പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ ചവറ മേഖലയിൽ കാണപ്പെടുന്ന 'ബ്ലാക്ക് സാൻഡ്" (കരിമണൽ) നിക്ഷേപങ്ങളാണ് ഇത്തവണ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 'റെയർ എർത്ത് കോറിഡോർ" എന്ന ആശയത്തിന്റെ ആധാരം. രസതന്ത്രത്തിൽ പഠിച്ചിട്ടുള്ള പീരിയോഡിക് ടേബിൾ പ്രകാരം റെയർ എർത്തുകൾ എന്നത്,​ പ്രധാനമായും ലാന്തനൈഡ് ശ്രേണിയിലെ 17 മൂലകങ്ങളാണ്. അന്താരാഷ്ട്ര ഊർജ്ജ ഏജൻസി ഈ റെയർ എർത്ത് മൂലകങ്ങളെ 'ലൈറ്റ് റെയർ എർത്ത് എലമെന്റ്സ് "(LREE), 'ഹെവി റെയർ എർത്ത് എലമെന്റ്സ്" (HREE) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിക്കുന്നു.

ആദ്യത്തെ വിഭാഗത്തിൽ ലാന്തനം (La), സെറിയം (Ce), പ്രാസിയോഡൈമിയം (Pr), നീഓഡൈമിയം (Nd), സമാരിയം (Sm), യൂറോപിയം (Eu) എന്നിവ ഉൾപ്പെടുന്നു. HREE വിഭാഗത്തിൽ ഗാഡോളിനിയം (Gd), ടെർബിയം, ഡിസ്‌പ്രോസിയം (Tb), ഹോൾമിയം (Ho), എർബിയം (Er), തുലിയം (Tm), ഇറ്റർബിയം (Yb), ല്യൂട്ടേഷ്യം (Lu), സ്യാൻഡിയം (Sc), ഇറ്റി​യം (Y) എന്നിവയാണ് പ്രധാനമായും ഉൾപ്പെടുന്നത്. ഇവ 'അപൂർവം" എന്ന പേരിൽ അറിയപ്പെടുന്നുവെങ്കിലും ഭൂമിയിൽ പൂർണമായും വിരളമല്ല. ശുദ്ധവും,​ വേർതിരിച്ചെടുത്ത് സാമ്പത്തികമായി ഉപയോഗിക്കാവുന്നതുമായ സാന്ദ്രതയിൽ ഇവ ലഭിക്കുന്നത് കുറവായതിനാലാണ് ഈ പേരു വന്നത്.

ശക്തമായ കാന്തങ്ങൾ, ഇലക്ട്രിക് വാഹനങ്ങളും കാറ്റാടികളും, മൊബൈൽ ഫോൺ, സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ലേസർ, ഫൈബർ ഓപ്ടിക്സ്,​ പ്രതിരോധ- വിമാന വ്യവസായം, ആണവ സാങ്കേതികവിദ്യ എന്നിവയിൽ റെയർ എർത്തുകൾ നിർണായക പങ്കു വഹിക്കുന്നുണ്ട്. അതിനാൽ ആധുനിക ഹൈടെക് സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം തന്നെയാണ് റെയർ എർത്ത് മൂലകങ്ങൾ. കേരള ബഡ്ജറ്റും കേന്ദ്ര ബഡ്ജറ്റും റെയർ എർത്ത് കോറിഡോറുകൾ സ്ഥാപിക്കാൻ മുന്നോട്ടുവച്ചിരിക്കുന്ന നിർദ്ദേശങ്ങൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും, ചൈനയിൽ നിന്നുള്ള ആശ്രയം കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതാണ്. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന റെയർ എർത്ത് ഖനിജങ്ങളുടെ ഏകദേശം 45 ശതമാനം ചൈനയിൽ നിന്നാണ് ലഭിക്കുന്നത്.

കരിമണൽ

നിക്ഷേപം

കേരള തീരത്ത് വടക്കുനിന്ന് തെക്കു വരെ ചില പോക്കറ്റുകളിൽ കരിമണൽ നിക്ഷേപങ്ങൾ വലിയ തോതിൽ കാണുന്നു . ഇവയിൽ കാണുന്ന പ്രധാന ധാതുക്കൾ ഹോൺബ്ലെൻഡ്, ട്രെമോളൈറ്റ്,​ ഹൈപ്പർസ്ഥീൻ, ക്ലിനോപ്പൈറോക്ടീൻ, സിർക്കോൺ, മോണസൈറ്റ്, ഗാർന്റെറ്റ്, സില്ലിമനൈറ്റ്, എപിഡോട്ട്, സ്റ്റൗറോളൈറ്റ്, അപറ്റൈറ്റ് എന്നിവയാണ്. ചവറ, നീണ്ടകര, കായംകുളം, തൃക്കുന്നപ്പുഴ, വർക്കല എന്നിവിടങ്ങളിലാണ് കേരളത്തിലെ പ്രധാന നിക്ഷേപങ്ങളും ഖനിജ പ്രവിശ്യകളും കാണുന്നത്. ഇതുകൂടാതെ, വടക്കൻ തീരദേശങ്ങളിൽ ചാവക്കാട്,​ പൊന്നാനി പ്രദേശങ്ങളും ശ്രദ്ധേയമായ നിക്ഷേപ മേഖലകളായി പരിഗണിക്കപ്പെടുന്നു.

മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ,​ ചവറ ഉൾപ്പെടുന്ന പ്രദേശത്തുള്ള ഇൽമനൈറ്റ്,​ റൂട്ടൈൽ,​ ല്യൂക്കോക്ടീൻ,​ സിർക്കോൺ,​ മോണസൈറ്റ് നിക്ഷേപമാണ് ഇപ്പോഴത്തെ ഈ കോറിഡോറിന്റെ ആണിക്കല്ലാകാൻ പോകുന്നവ. കേരളത്തിലെ ഈ ധാതു നിക്ഷേപത്തിന്റെ പ്രധാന ഉറവിടം പശ്ചിമ ഘട്ടത്തിലെ കായാന്തര, ആഗ്‌നേയ പാറകളാണ്. പശ്ചിമ ഘട്ടത്തിൽ നിന്ന് പടിഞ്ഞാറോട്ട് ഒഴുകുന്ന കേരളത്തിലെ നദികൾ കൊണ്ടുവന്ന ഖനിജ കണങ്ങൾ (പാറ പൊടിഞ്ഞുണ്ടായ) അടിഞ്ഞുകൂടിയാണ് ഈ നിക്ഷേപങ്ങൾ ഉണ്ടായത്. മൺസൂൺ സമയത്തെ ശക്തമായ തിരമാലാ പ്രവർത്തനവും ഓൺഷോർ. ഓഫ്‌ഷോർ സമുദ്രതീര ചലനങ്ങളും നിക്ഷേപ സാന്ദ്രീകരണത്തിന് കാരണമാവുകയും ചെയ്തു.

ഖനിജങ്ങളും

ഉപയോഗവും

പ്രധാന ഖനിജങ്ങളുടെ വ്യവസായ മൂല്യം പരിശോധിക്കാം.

 ഇൽമനൈറ്റ്: ടൈറ്റാനിയം ഡൈഓക്‌സൈഡ് പി​ഗ്‌മെന്റി​ന്റെ പ്രധാന അസംസ്‌കൃത വസ്തു. പെയിന്റ്, പേപ്പർ, പ്ളാസ്റ്റി​ക്, ടെക്സ്റ്റൈൽ തുടങ്ങിയവയിൽ വ്യാപക ഉപയോഗം.

 ല്യുക്കോക്ടീൻ: ടൈറ്റാനിയം ഖനിജങ്ങളുടെ മാറ്റം വന്ന സൂക്ഷ്മ ധാന്യരൂപം.

 റൂട്ടൈൽ: പി​ഗ്‌മെന്റ് നിർമ്മാണം (ആഗോളതലത്തിൽ ടൈറ്റാനി​യത്തി​ന്റെ ഏറ്റവും വലിയ ഉപയോഗം ടൈറ്റാനി​യം ഡൈഓക്‌സൈഡ് പിഗ്മെന്റ് ആയിട്ടാണ്. ഇത് പെയിന്റുകൾ, പ്ലാസ്റ്റിക്ക്,​ പേപ്പർ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടെ തെളിഞ്ഞ വെള്ളനിറം വേണ്ടുന്ന വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു.

 സിർക്കോൺ: സെറാമിക്സ്, സാനിറ്ററി വെയർ എന്നിവയിൽ ഉപയോഗിക്കുന്നു. അപൂർവ മൂലകമായ ഹാഫ്‌നി​യം ലഭിക്കുന്നതിലെ ഏറ്റവും പ്രധാന ഖനിജമാണ് സിർക്കോൺ.

 ഗാർനെറ്റ്: സാൻഡ് ബ്ളാസ്റ്റിംഗ്,​ വാട്ടർജെറ്റ് കട്ടിംഗ്, മെറ്റൽ ഗ്ലാസ്‌സ്റ്റോൺ പോളിഷിംഗ് എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു

 സില്ലിമനൈറ്റ്: ലോഹ- അലോയ് വ്യവസായങ്ങൾക്ക് അനിവാര്യമായ വസ്തു. റി​ഫ്രാക്ടറി​ വ്യവസായത്തിന് ഉപയോഗിക്കുന്നു.

മോണസൈറ്റ്

എന്ന നിധി

റെയർ എർത്ത് കോറിഡോറിന്റെ ഹൃദയമായി കണക്കാക്കപ്പെടുന്ന ഖനിജം മോണസൈറ്റ് ആണ്. ചുവപ്പ്,​ തവിട്ട് നിറത്തിലുള്ള ഈ ഫോസ്‌ഫേറ്റ് ഖനിജത്തിൽ റെയർ എർത്ത് മൂലകങ്ങൾ (REE) വളരെ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. സീരിയം,​ ലാന്തനം,​ നിയോഡിമ്യം എന്നിവയുടെ ഉയർന്ന സാന്നിദ്ധ്യം മൂലം മോണസൈറ്റ് ഉയർന്ന മൂല്യമുള്ള മാഗ്നറ്റുകൾ, ഇലക്ട്രോണിക്സ്, ക്ലീൻ എനർജി സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് ആവശ്യമായ റെയർ എർത്ത് മൂലകങ്ങളുടെ പ്രധാന സ്വാഭാവിക ഉറവിടമായി പരിഗണിക്കപ്പെടുന്നു.

തോറിയത്തിന്റെ സാന്നിദ്ധ്യം കാരണം മോണസൈറ്റ് ഭാഗികമായി റേഡിയോ ആകീവ് ആണ്. തോറിയം ആധാരമാക്കിയ ആണവോർജ്ജം സുരക്ഷിതവും ശുദ്ധവും സുസ്ഥിരവുമായ വൈദ്യുതിയുടെ ഉത്പാദനത്തിന് വലിയ സാദ്ധ്യത നൽകുന്ന ഒരു മഹാ ആണവ ഇന്ധന മാർഗവുമാണ്. റെയർ എർത്ത് കോറിഡോർ പദ്ധതിയിലൂടെ വലിയ തോതിലുള്ള നിക്ഷേപം ആകർഷിക്കപ്പെടും എന്നതിനൊപ്പം വിഴിഞ്ഞം തുറമുഖവുമായി നേരിട്ട് ബന്ധിപ്പിച്ചുള്ള ലോജിസ്റ്റിക്സ്, കയറ്റുമതി, ഹൈടെക് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവ വഴി വിപുലമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

അതേസമയം, പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണം, തീരദേശ നിവാസികളുടെ ജീവിതോപാധികൾ സംരക്ഷിക്കുക,​ സ്വകാര്യ മേഖലയുടെ അതിക്രമിച്ചുള്ള ഇടപെടലുകൾ ഒഴിവാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുക എന്നിവ അനിവാര്യമാണ്. ആധുനിക റോബോട്ടിക് ഖനനരീതികൾ, നിയമപരമായ മേൽനോട്ടം, സാമൂഹ്യ പരിസ്ഥിതി ഉത്തരവാദിത്വം എന്നിവയിലൂടെ മാത്രമേ ഈ പദ്ധതി ദീർഘകാല വിജയത്തിലേക്ക് എത്തുകയുള്ളൂ.

(കേരള സർവകലാശാലാ ജിയോളജി വിഭാഗം പ്രൊഫസർ ആണ് ലേഖകൻ. ഫോൺ: 9447479798)​