ഗോവിന്ദാ ഗോപാല മന്ത്രം മുഴക്കി 12 ശിവക്ഷേത്രങ്ങളിലേക്ക് ശിവാലയ ഓട്ടത്തിന് തുടക്കമായി
കന്യാകുമാരി ജില്ലയിലെ ചരിത്രപ്രസിദ്ധമായ 12 ശിവക്ഷേത്രങ്ങളിലേക്കുള്ള ശിവാലയ ഓട്ടത്തിന് തുടക്കമായി.ശിവരാത്രിയുടെ തലേനാൾ കാവി വസ്ത്രവും കഴുത്തിൽ രുദ്രാക്ഷമാലയും,കൈയിൽ ഭസ്മസഞ്ചിയും വീശറിയുമായി ശിവഭക്തർ കാൽനടയായി 12 ക്ഷേത്രങ്ങളിലെത്തി ദർശനം നടത്തുന്നതിനാണ് ശിവാലയ ഓട്ടമെന്ന് പറയുന്നത്.ശൈവ വൈഷ്ണവ ബന്ധം ഊട്ടിയുറപ്പിക്കുന്ന ശിവാലയ ഓട്ടം കന്യാകുമാരി ജില്ലയിൽ മാത്രമാണ് നടക്കുന്നത്.110 കിലോമീറ്റർ കുംഭമാസത്തിലെ കനത്ത ചൂട് വകവയ്ക്കാതെ കാൽനടയായാണ് ശിവാലയ ഓട്ടം നടത്തുന്നത്. ഇപ്പോൾ ഇരുചക്രവാഹനത്തിലും മറ്റും ഓട്ടം പൂർത്തിയാക്കുന്നവരുണ്ട്.
മുഞ്ചിറയിലെ തിരുമല മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് ശിവാലയ ഓട്ടം ആരംഭിക്കുന്നത്. മലമുകളിൽ ഇരിക്കുന്ന ശിവഭഗവാനെ തൊഴുത ശേഷം 'ഗോവിന്ദാ ഗോപാല ' എന്ന മന്ത്രം ഉച്ചത്തിൽ മുഴക്കി കൊണ്ട് ഭക്തർ പടിയിറങ്ങും. മുൻകാലങ്ങളിൽ തിരുമല ക്ഷേത്രത്തിലെ സന്ധ്യാദീപാരാധന തൊഴുതാണ് ഭക്തർ ശിവാലയ ഓട്ടം ആരംഭിച്ചിരുന്നത്. ഇപ്പോൾ രാവിലെ മുതൽ ആരംഭിക്കും.
താമ്രഭരണി നദീതീരത്താണ് രണ്ടാമത്തെ ക്ഷേത്രമായ തിക്കുറിശ്ശി ക്ഷേത്രം മൂഞ്ചിറയിൽ നിന്ന് 12കിലോമീറ്ററാണ് ഇവിടേക്ക്. തൃപ്പരപ്പ് ക്ഷേത്രത്തിലേക്കെത്താൻ 14 കിലോമീറ്റർ.നാലാമത്തെ ക്ഷേത്രമായ തിരുനന്ദിക്കരയിൽ എത്താൻ എട്ട് കിലോമീറ്ററും സഞ്ചരിക്കണം. പൊന്മന, പന്നിപ്പാകം, പദ്മനാഭപുരത്തെ കൽക്കുളം, മേലാങ്കോട് തിരവിടയ്ക്കോട്, തൃപ്പന്നിയോട് ക്ഷേത്രങ്ങളിൽ ദർശനം നടത്തി തിരുനട്ടാലം ക്ഷേത്രത്തിൽ തൊഴുതിറങ്ങിയാൽ ശിവാലയ ഓട്ടം പൂർത്തിയാക്കും.
ശിവരാത്രി ദിവസം എല്ലാ വർഷവും ഓരോ ക്ഷേത്രങ്ങളിൽ വീതം ഘൃതധാരാ നടത്താറുണ്ട്.എന്നാൽ ഇത്തവണ എല്ലാ ക്ഷേത്രങ്ങളിലും ധാര നടക്കും.12 ക്ഷേത്രങ്ങളിലും ധാര നടക്കുന്നതിനാൽ ഇതിനെ കൂട്ടുധാര എന്നാണ് പറയപ്പെടുന്നത്.