റെയിൽവേ പാർക്കിംഗിലെ തീപിടിത്തം; നഷ്ടപരിഹാരമില്ലാതെ വാഹനം മാറ്റില്ല

Sunday 15 February 2026 12:00 AM IST

  • കർശന നിലപാടുമായി അഗ്നിക്കിരയായ വാഹനങ്ങളുടെ ഉടമകൾ

തൃശൂർ: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലെ തീപിടിത്തത്തിൽ മുന്നൂറോളം ഇരുചക്രവാഹനങ്ങൾ കത്തിയമർന്നിട്ട് ഒന്നരമാസം പിന്നിട്ടിട്ടും നഷ്ടപരിഹാരമായില്ല. നഷ്ടപരിഹാരത്തിൽ ഉറപ്പ് ലഭിക്കാതെ വാഹനങ്ങൾ മാറ്റില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വാഹന ഉടമകൾ.

റെയിൽവേയുടെ പൂർണ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള പാർക്കിംഗ് ഏരിയയിൽ സുരക്ഷാവീഴ്ച്ച മൂലം ജനുവരി നാലിന് ഉണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച വാഹനങ്ങൾക്ക് ആര്, എന്ന് നഷ്ടപരിഹാരം നൽകുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കാതെ, കത്തിനശിച്ച വാഹനങ്ങൾ മാറ്റേണ്ടതില്ലെന്ന് ഉടമകളുടെ യോഗം തീരുമാനിച്ചു. പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ കത്തിനശിച്ച കൂടുതൽ പേരും തുച്ഛ വേതനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ്. കൂടുതൽ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷ്വറൻസ് മാത്രമാണുള്ളത്.

അതുകൊണ്ട് ഇൻഷ്വറൻസ് തുകയും ലഭിക്കില്ല. നഷ്ടപരിഹാരം ആര് നൽകുമെന്നോ എന്ന് നൽകുമെന്നോ കൃത്യമായ സൂചന ആരും നൽകിയിട്ടില്ല. റെയിൽവേയും കരാറുകാരും പ്രതിക്കൂട്ടിലാണെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. എവിടെ നിന്നാണ് തീയുണ്ടായതെന്ന് വ്യക്തമാകുന്ന സി.സി.ടി.വി.ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. കരാറുകാരന്റെ ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ കരാറുകാരനിൽ നിന്നും റെയിൽവേക്ക് നഷ്ടപരിഹാരം ഈടാക്കാം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമാണ് വീഴ്ച്ച ഉണ്ടായിട്ടുള്ളതെങ്കിൽ അവർക്കെതിരെയും നടപടികൾ ഉണ്ടാകണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.

വാഹനങ്ങൾ മാറ്റണമെന്ന് കരാറുകാരൻ

കത്തിനശിച്ച വാഹനങ്ങൾ എടുത്തു മാറ്റാൻ കരാറുകാരൻ വാഹന ഉടമകൾക്ക് നിർദേശം നൽകിയിരുന്നു. വാഹനങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ടൂ വീലർ യൂസേഴ്‌സ് അസോസിയേഷൻ നേരിട്ടും, ഇ മെയിൽ വഴിയും റെയിൽവേ അധികാരികൾക്ക് നൽകിയ നിവേദനങ്ങൾക്ക് മറുപടി നൽകാനോ, നഷ്ടപരിഹാരത്തിൽ തീരുമാനം അറിയിക്കാനോ റെയിൽവേ തയ്യാറായിട്ടില്ല. അസോസിയേഷൻ ഭാരവാഹികൾ റെയിൽവേ മാനേജർക്ക് നിവേദനം നൽകിയിരുന്നു. പി.കെ.സത്യൻ, മുഹമ്മദ് ഫൈസ്, ജോണി പുല്ലോക്കാരൻ, ശ്രീദേവി എം.നായർ, സജി ആറ്റത്ര, ഡോ.സൂരജ്, എ.ജെ.മാത്യു, കെ.സി.പ്രതീഷ്, കെ.എസ്.മിനി, റോബർട്ട് രാജ്, രാജേഷ് കുമാർ, കെ.വി.സജീവൻ എന്നിവർ പ്രസംഗിച്ചു.

നഷ്ടപരിഹാരം നൽകാനും കുറ്റക്കാരെ ശിക്ഷിക്കാനും അടിയന്തര നടപടിയുണ്ടാകണം.

ജെയിംസ് മുട്ടിക്കൽ, ചെയർമാൻ ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ.