തിരഞ്ഞെടുപ്പ് പ്രചാരണം; 'താമര'വരച്ച് ഉദ്ഘാടനം ചെയ്തു, പുതുച്ചേരിയെ എ.ഐ കേന്ദ്രമാക്കുമെന്ന് അമിത്ഷാ

Sunday 15 February 2026 12:18 AM IST

പുതുച്ചേരി: ഐ.ടി, എ.ഐ വിപ്ലവത്തിന്റെ കേന്ദ്രമായി പുതുച്ചേരിയെ മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ. പ്രദേശത്ത് മത്സ്യബന്ധന അനുബന്ധ വ്യവസായങ്ങൾക്കും തുണി നിർമ്മാണത്തിനും മുൻഗണന നൽകുമെന്നും പറഞ്ഞു. പുതുച്ചേരിയിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കമിട്ട് കാരയ്ക്കലിലെ കോട്ടുച്ചേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിക്കടുത്തുള്ള ചുമരിൽ താരമ ചിഹ്നം വരച്ച് പ്രചാരണത്തിന് തുടക്കമിട്ടു. തിരുനല്ലരു ശനീശ്വരനെയും ഭദ്രകാളിയമ്മനെയും ആരാധിച്ചുകൊണ്ട് ആരംഭിക്കുന്നുയെന്ന് പറഞ്ഞുകൊണ്ടാണ് അമിത്ഷാ പ്രസംഗം തുടങ്ങിയത്. 'പുതുച്ചേരിയിൽ എൻ.ഡി.എയാണ് ഭരിക്കുന്നത്. എൻ.ഡി.എ സഖ്യത്തിലും മുഖ്യമന്ത്രി രംഗസ്വാമിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ജനങ്ങൾക്ക് വിശ്വാസമുണ്ട്. 2021ലെ പുതുച്ചേരി തിരഞ്ഞെടുപ്പിൽ 44 ശതമാനം പേർ ഞങ്ങൾക്ക് പിന്തുണ നൽകി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ 60 ശതമാനം വോട്ടുകൾ നേടി സഖ്യം കൂടുതൽ സീറ്റുകൾ നേടും. ഏറ്റവും മോശം കോൺഗ്രസ് ഭരണാധികാരി നാരായണസാമി സർക്കാരാണ്. അവരുടെ ഭരണം അഴിമതി നിറഞ്ഞതായിരുന്നു. നിലവിൽ മുഖ്യമന്ത്രി രംഗസ്വാമി മികച്ച ഭരണം കാഴ്ചവയ്ക്കുന്നു. അഞ്ച് വർഷമായി പുതുച്ചേരിയിൽ ക്രമസമാധാനം മെച്ചപ്പെട്ടു". വികസന യാത്ര തുടരണമെന്നും ഷാ പറഞ്ഞു.

രാഹുലിന്റെ തൊഴിൽ

നുണ പറയൽ

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കള്ളം പറയുന്നത് തൊഴിലാക്കിയിരിക്കുകയാണ്. വ്യാപാര കരാറുകൾ നിരവധി നേട്ടങ്ങൾ കൊണ്ടുവരും. കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾ എന്നിവരുടെ 100 ശതമാനം സംരക്ഷണം ഉറപ്പാക്കിയുള്ളതാണ് കരാർ. കർഷകരെയും മത്സ്യത്തൊഴിലാളികളെയും തെറ്റിദ്ധരിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്.കോൺഗ്രസ് ഭരണകാലത്ത് രാജ്യത്ത് എല്ലാ ദിവസവും ഭീകരാക്രമണങ്ങളുണ്ടായി. മോദി ഭീകരരെ അടിച്ചമർത്തി. ഒരു ദുഷ്ടശക്തിക്കും രാജ്യത്തെ കണ്ണുവയ്ക്കാനാകില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനെ പാഠം പഠിപ്പിച്ചു- ഷാ വ്യക്തമാക്കി.