ധാരണയുണ്ടാക്കാൻ പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ നീക്കം ഊർജ്ജിതം
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റിന് നീക്കം ഊർജ്ജിതമാക്കി പ്രതിപക്ഷം. പാർലമെന്റ് ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാദം മാർച്ച് ഒമ്പതിനാണ് ആരംഭിക്കുന്നത്. അതിനുമുമ്പ് ഇംപീച്ച്മെന്റ് നോട്ടീസിന്റെ കാര്യത്തിൽ ധാരണയുണ്ടാക്കാനാണ് ശ്രമം. കോൺഗ്രസും തൃണമൂൽ കോൺഗ്രസും മറ്റു പാർട്ടികളുമായി ചർച്ചകൾ തുടരുകയാണ്. ഇംപീച്ച്മെന്റിന് നോട്ടീസ് വന്നാൽ ഇരുസഭകളും വീണ്ടും പ്രക്ഷുബ്‌ധമാകും. ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേരിട്ടു ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്കും നീങ്ങിയേക്കും. നേരത്തെ പ്രതിപക്ഷ പാർട്ടികൾ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്കെതിരെ കൊണ്ടുവന്ന അവിശ്വാസ നോട്ടീസ് സഭയുടെ പരിഗണനയിലാണ്.
എസ്.ഐ.ആർ
ഉപേക്ഷിക്കണം
എസ്.ഐ.ആർ പ്രക്രിയ ഉപേക്ഷിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചു. പ്രക്രിയ നടത്തുന്ന സമയവും രീതിയും നിലവിലെ നിയമങ്ങൾക്കും ഭരണഘടനാ തത്വങ്ങൾക്കും അനുസൃതമായല്ല. സുതാര്യമായി ജനപക്ഷത്തു നിന്ന് നടത്തേണ്ട നടപടിയാണ്. എന്നാലത് ഏകപക്ഷീയമായി നടപ്പാക്കുന്നു. രാഷ്ട്രീയപാർട്ടികളുമായി കൂടിയാലോചിച്ചില്ല. കേരളത്തിൽ അടക്കം, വോട്ടർമാരെ അന്യായമായി വോട്ടർപട്ടികയിൽ നിന്ന് നീക്കിയിരിക്കുന്നുവെന്നും എം.എ. ബേബി കത്തിൽ ചൂണ്ടിക്കാട്ടി.