കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര 51 സംഘം പെരുവഴിയിലായി

Sunday 15 February 2026 12:47 AM IST

കഴക്കൂട്ടം: ഏറെ പ്രതീക്ഷകളോടെ കണിയാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും മേഘമലയിലേക്ക് ഉല്ലാസയാത്ര തിരിച്ച 51അംഗ സംഘത്തിന് ദുരിതയാത്ര. ശനിയാഴ്ച പുലർച്ചെ 3:30ന് പുറപ്പെട്ട യാത്ര മുണ്ടക്കയം കഴിഞ്ഞ് ഏകദേശം 7കിലോമീറ്റർ പിന്നിട്ടപ്പോൾ ബസിന്റെ റേഡിയേറ്റർ പൊട്ടി പെരുവഴിയിലാവുകയായിരുന്നു. സ്ത്രീകളും കൊച്ചുകുട്ടികളും വയോധികരും അടങ്ങുന്ന സംഘമാണ് മണിക്കൂറുകളോളം ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞത്.

ഹൈറേഞ്ച് യാത്രയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്തതും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതുമായ പഴയ ബസ്സാണ് യാത്രയ്ക്കായി നൽകിയതെന്ന് യാത്രക്കാർ ആരോപിച്ചു. ഓരോരുത്തരിൽ നിന്നും ആയിരത്തിലധികം രൂപ ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് യാത്ര പോയത്. ബസ് കേടായ വിവരം അറിയിക്കാനായി ബന്ധപ്പെട്ട റൂട്ട് മാനേജരെ യാത്രക്കാർ മാറി മാറി വിളിച്ചെങ്കിലും ഫോൺ എടുക്കാനോ തിരിച്ചു വിളിക്കാനോ അധികൃതർ തയ്യാറായില്ലെന്ന് സഞ്ചാരികൾ പറഞ്ഞു. തുടർന്ന് ഒരുപാട് വൈകിയാണ് കുമളി വരെ ഒരു ബസിലും അതിനുശേഷം മറ്റൊരു ബസിലുമായി മേഘമലയിലേക്ക് പുറപ്പെട്ടത്. മൂന്നും നാലും ബസുകൾ മാറി മാറി കയറേണ്ടിവന്നത് പ്രായമായവർക്കും കുട്ടികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഭക്ഷണത്തിന്റെ കാര്യത്തിലും അനാസ്ഥയുണ്ടായി. രാവിലെ ലഭിക്കേണ്ടിയിരുന്ന ലഘുഭക്ഷണം 11.25 ഓടെയാണ് ലഭിച്ചത്. ഉച്ചഭക്ഷണം ലഭിച്ചതും വൈകിയായിരുന്നു. ബഡ്ജറ്റ് ടൂറിസം എന്നുകേട്ടപ്പോൾ വലിയ പ്രതീക്ഷയോടെ എത്തിയ തങ്ങളെ പെരുവഴിയിലാക്കിയ കെ.എസ്.ആർ.ടി.സിയുടെ വീഴ്ചയ്‌ക്കെതിരെ പരാതി നൽകാനാണ് യാത്രക്കാരുടെ തീരുമാനം. വരും ദിവസങ്ങളിലെങ്കിലും ഇത്തരം ദീർഘദൂര യാത്രകൾക്കായി നല്ല കണ്ടീഷനുള്ള ബസ്സുകൾ സജ്ജീകരിക്കണമെന്നും ഈ ദുരനുഭവം ഇനി ആർക്കും ഉണ്ടാകരുതെന്നും യാത്രക്കാർ പറഞ്ഞു.