ബംഗ്ലാദേശിൽ ബിഎൻപി സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും; സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുത്തേക്കില്ല

Sunday 15 February 2026 6:57 AM IST

ധാക്ക: ബംഗ്ലാദേശിൽ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യ, പാകിസ്ഥാൻ പ്രധാനമന്ത്രിമാരെ ക്ഷണിച്ചതായി ബിഎൻപി അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്നാണ് വിവരം.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങൾക്ക് ക്ഷണക്കത്ത് അയച്ചതായി ബിഎൻപി അറിയിച്ചു. ചൈന, സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ്, ഭൂട്ടാൻ എന്നിവയാണ് മറ്റ് ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ജമാ അത്തെ ഇസ്ലാമിയടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുമായി താരിഖ് റഹ്മാൻ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. അതിനിടെ രാജ്യ താൽപര്യങ്ങൾ മുൻനിർത്തിയാകും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധമെന്ന് താരിഖ് റഹ്മാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ബിഎൻപി നേടിയ വിജയത്തിന് ശേഷമുള്ള ആദ്യ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സന്തുലിതമായ ബന്ധങ്ങളാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്നും ഏതെങ്കിലും ഒരു രാജ്യവുമായി മാത്രം ബന്ധം പരിമിതപ്പെടുത്തില്ലെന്നും താരിഖ് റഹ്മാൻ പറഞ്ഞു. ബംഗ്ലാദേശിന്റെയും ബംഗ്ലാ ജനതയുടെയും താത്പര്യങ്ങളായിരിക്കും നമ്മുടെ വിദേശനയം നിർവചിക്കുന്നത്. ഇന്ത്യ,​ ചൈന,​ പാകിസ്ഥാൻ,​ തുടങ്ങിയ പ്രാദേശിക ശക്തികളുമായി സന്തുലിതമായ ബന്ധം നിലനിറുത്തുമെന്നും ഒരു രാജ്യത്തെയും യജമാന രാജ്യമായി കണക്കാക്കില്ലെന്നും ബിഎൻപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാട് ആവർത്തിക്കുകയാണ് താരിഖ് റഹ്മാൻ ചെയ്തത്.

വ്യാഴാഴ്ച നടന്ന പൊതുതിര‌ഞ്ഞെടുപ്പിൽ 300ൽ 209 സീറ്റുകളും സ്വന്തമാക്കിയാണ് ബിഎൻപി ഭരണം പിടിച്ചെടുത്തത്. ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല. 20 വർഷത്തിനുശേഷമാണ് ബിഎൻപി ബംഗ്ലാദേശിൽ അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ബിഎൻപി അദ്ധ്യക്ഷനുമായ താരിഖ് റഹ്മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിഎൻപി 200 ലധികം സീറ്റുകൾ നേടിയപ്പോൾ എതിരാളികളായ ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് നൂറ് സീറ്റുപോലും തികയ്ക്കാനായില്ല.