നവാൽനിയുടെ ജീവനെടുത്തത് തവള വിഷം  ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങൾ

Sunday 15 February 2026 7:29 AM IST

ലണ്ടൻ: റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണം മാരക തവള വിഷം ഉള്ളിലെത്തിയാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ. തെക്കേ അമേരിക്കൻ കാടുകളിൽ ജീവിക്കുന്ന പോയിസൺ ഡാർട്ട് ഫ്രോഗിൽ കാണപ്പെടുന്ന നാഡീവ്യൂഹത്തെ തളർത്താൻ ശേഷിയുള്ള 'എപിബാറ്റിഡീൻ" എന്ന വിഷവസ്തു നവാൽനിയുടെ ഉള്ളിലെത്തിയെന്ന് യു.കെ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.മരണത്തിന് പിന്നിൽ റഷ്യയാണെന്നും കുറ്റപ്പെടുത്തി. നവാൽനിയുടെ ശരീരത്തിൽ നിന്ന് രഹസ്യമായി ശേഖരിച്ച സാമ്പിളുകൾ രണ്ട് വിദേശ രാജ്യങ്ങളിലെ ലബോറട്ടറികളിൽ പരിശോധിച്ചെന്നും വിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നും അദ്ദേഹത്തിന്റെ ഭാര്യ യൂലിയ കഴിഞ്ഞ സെപ്തംബറിൽ അവകാശപ്പെട്ടിരുന്നു.

2024 ഫെബ്രുവരി 16നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായിരുന്ന നവാൽനി (47)​ ആർട്ടിക് മേഖലയിലെ ജയിലിൽ മരണമടഞ്ഞത്. ബോധരഹിതനായി വീണു. മെഡിക്കൽ സംഘമെത്തിയപ്പോഴേക്കും മരിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ,​ പുട്ടിന്റെ അറിവോടെ കൊലപ്പെടുത്തിയെതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

അഭിഭാഷകൻ കൂടിയായ നവാൽനിയെ 2020ൽ സൈബീരിയയിൽ വച്ച് ചായയിൽ മാരക വിഷമായ നോവിചോക്ക് കലർത്തി കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. ഗുരുതരാവസ്ഥയിലായ അദ്ദേഹം ജർമ്മനിയിലെ ചികിത്സയിലൂടെ രക്ഷപ്പെട്ടെങ്കിലും 2021ൽ റഷ്യയിലെത്തിയ ഉടൻ ജയിലിലായി. തീവ്രവാദം, വഞ്ചന,​ അഴിമതിയടക്കമുള്ള വിവിധ കേസുകളിലായി 30 വർഷം തടവാണ് നവാൽനിക്ക് വിധിച്ചിരുന്നത്.