പന്നൂൻ വധ ഗൂഢാലോചന: കുറ്റം സമ്മതിച്ച് നിഖിൽ ഗുപ്‌ത
വാഷിംഗ്ടൺ: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ കുറ്റംസമ്മതിച്ച് ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത. മേയ് 29ന് ശിക്ഷ വിധിക്കും. 40 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നിഖിലിന് മേൽ ചുമത്തിയിട്ടുള്ളത്.
2023ൽ ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റിലായ നിഖിലിനെ 2024ലാണ് യു.എസിന് കൈമാറിയത്. തുടർന്ന് ബ്രൂക്ക്‌ലിനിലെ തടങ്കൽ കേന്ദ്രത്തിൽ കഴിയുകയായിരുന്നു നിഖിൽ. തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഖിൽ ആദ്യം നിഷേധിച്ചിരുന്നു.
നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനായ പന്നൂനിനെ യു.എസിൽ വച്ച് വധിക്കാൻ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ അറിവോടെ നടന്ന ശ്രമം തകർത്തെന്നാണ് യു.എസ് വാദം. വധശ്രമ പദ്ധതിയിൽ നിഖിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്നാണ് യു.എസിന്റെ കണ്ടെത്തൽ. പന്നൂനിന് യു.എസ്, കനേഡിയൻ ഇരട്ട പൗരത്വമുണ്ട്.