ബംഗളൂരുവിൽ വീണ്ടും വിദ്യാർത്ഥികളുടെ കാർ അപകടത്തിൽപ്പെട്ടു; ഡ്രൈവറുൾപ്പെടെ അഞ്ചുപേർ മരിച്ചു

Sunday 15 February 2026 10:13 AM IST

ബംഗളൂരു: നെലമംഗലയിൽ കർണാടക ആർടിസി ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. ജിൻഡാലിന് സമീപം ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. മരിച്ചവരിൽ നാലുപേർ വിദ്യാർത്ഥികളും ഒരാൾ ഡ്രൈവറുമായിരുന്നു. ഇവരിൽ ദോഡ്ബല്ലാപൂർ സ്വദേശികളായ ഹർഷിത്, നികിത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹർഷിത് രാജനകുണ്ടെ സായ് വിദ്യാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

തുമകൂരുവിൽ നിന്ന് അമിതവേഗതയിലെത്തിയ ഇൻഡിക്ക കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡർ ഇടിച്ചിട്ട് ബംഗളൂരുവിൽ നിന്നുവരികയായിരുന്ന ബസിലിടിക്കുകയായിരുന്നു. നാലുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അവധിദിവസം ആഘോഷിക്കാൻ പോയതായിരുന്നു വിദ്യാർത്ഥികൾ. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഗുരുതര പരിക്കേ​റ്റ കാർ ഡ്രൈവറെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ മദനായകനഹള്ളി പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മൃതദേഹങ്ങൾ പോസ്​റ്റ്‌മോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാ​റ്റിയിരിക്കുകയാണ്. ഇന്നലെ രാത്രി എട്ടരയോടെ ഹർഷിത് സുഹൃത്തുക്കളെ കാണാൻ പോയതാണെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞത്. അതേസമയം, ബസിൽ 42 യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ മുൻവശത്തിരുന്ന കുറച്ചാളുകൾക്ക് നിസാരപരിക്കേറ്റെന്നും ബാക്കിയുള്ളവരെ മറ്റുബസുകളിൽ കയറ്റിവിട്ടെന്നും പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയും ബംഗളൂരുവിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഏഴുപേർ മരിച്ചിരുന്നു. ബംഗളൂരു ഹോസ്‌കോട്ടേ- ദാബാസ്‌പേട്ട് ദേശീയപാതയിലെ സത്യാവാരയിൽ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയും പിന്നീട് ലോറിയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. കാറിലുണ്ടായിരുന്ന യെലഹങ്ക ആർ.വി കോളേജിലെ പി.യു വിദ്യാർത്ഥികളായ മലയാളികളായ അശ്വിൻ നായരും (17), ഏഥൻ ജോൺ ജോർജും (17)അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഫർഹാൻ (17), ബൈക്ക് യാത്രികനായ ഗഗൻ (26) എന്നിവരാണ് മരിച്ചത്.