ഐഡി കാർഡ് ധരിച്ചില്ല; പാക് സൈനിക മേധാവിയെ തടഞ്ഞ് ജർമൻ സുരക്ഷാ ഉദ്യോഗസ്ഥർ, ദൃശ്യങ്ങൾ വൈറൽ

Sunday 15 February 2026 3:05 PM IST

ബെർലിൻ: ജർമനിയിൽ നടക്കുന്ന പ്രശസ്തമായ മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിനിടെ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. തിരിച്ചറിയൽ കാർഡ് കൃത്യമായി ധരിക്കാത്തതിനെത്തുടർന്ന് പ്രവേശന കവാടത്തിൽ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തിരിച്ചറിയൽ കാർഡ് കാണുന്ന രീതിയിൽ തിരിച്ചു വയ്ക്കാനും കൃത്യമായി ധരിക്കാനും ഉദ്യോഗസ്ഥൻ വിരൽ ചൂണ്ടി നിർദേശിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്റെ നിർദേശം പാലിച്ചതിന് ശേഷമാണ് സൈനിക മേധാവിക്കും സംഘത്തിനും അകത്തേക്ക് പ്രവേശിക്കാനായത്.

ഇതിനിടെ, പാക് സൈനിക മേധാവിയുടെ സന്ദർശനത്തിനെതിരെ വേദിക്കു പുറത്ത് ശക്തമായ പ്രതിഷേധങ്ങളും അരങ്ങേറി. പാകിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന സിന്ധി രാഷ്ട്രീയ സംഘടനയായ 'ജേ സിന്ധ് മുത്തഹിദ മഹാസ്' ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

ആഗോള സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്ന വേദിയിൽ അസിം മുനീറിനെപ്പോലൊരാൾ പങ്കെടുക്കുന്നത് ഖേദകരമാണ്. പാകിസ്താനിലെ സൈനിക ഇടപെടലുകളും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര സമൂഹം ഗൗരവമായി കാണണം. സംഘടനയുടെ ചെയർമാൻ ഷാഫി ബുർഫത്ത് ഇതുസംബന്ധിച്ച് ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ, ജർമൻ സർക്കാർ എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പാക് സൈന്യത്തിന്റെ നടപടികളിൽ അന്താരാഷ്ട്ര ഇടപെടൽ വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.