പ്ലാസ്റ്റികും, കാടും മൂടി എം.സി.എഫുകൾ,​ ഹരിതകർമ്മസേന മാലിന്യം ശേഖരിക്കും,​ സൂക്ഷിക്കാനിടമില്ല

Monday 16 February 2026 12:48 AM IST

കോട്ടയം : ആര് ചോദിക്കാൻ, ആരോട് പറയാൻ. മാലിന്യം ശേഖരിക്കാൻ സ്ഥാപിച്ച മിനി എം.സി.എഫ് ഇപ്പോൾ ബാദ്ധ്യതയായെന്ന് പറയുന്നതാവും ശരി. ചിലയിടങ്ങളിൽ വള്ളിപ്പടർപ്പുകൾ, മറ്റൊരുവശത്ത് തിങ്ങി നിറഞ്ഞ് പ്ലാസ്റ്റിക്. ഇതോടെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ചാക്കുകളിലാക്കി സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലും വഴിയോരങ്ങളിലും സൂക്ഷിക്കേണ്ട ഗതികേടിലാണ് ഹരിതകർമ്മസേനാംഗങ്ങൾ. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലെയും എം.സി.എഫുകളിൽ ഇനി തെല്ലും സ്ഥലമില്ല. അത്രത്തോളം മാലിന്യം കുന്നുകൂടി കിടക്കുകയാണ്.

പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മഞ്ഞ, ചുവപ്പ് ബിന്നുകളിലെ മാലിന്യവും നീക്കം ചെയ്യുന്നില്ല.

മഞ്ഞ ബിന്നുകളിൽ അപകടകരമല്ലാത്ത സാനിറ്ററി മാലിന്യങ്ങളും,​ പേപ്പർ മാലിന്യങ്ങളും നിക്ഷേപിക്കാം. ചുവപ്പ് ബിന്നുകൾ, ഉപയോഗിച്ച സിറിഞ്ചുകൾ, സൂചികൾ, മരുന്നുകൾ, ബാറ്ററികൾ, കെമിക്കൽ മാലിന്യങ്ങൾ എന്നിവ നിക്ഷേപിക്കാനുള്ളതാണ്.

ഉഴപ്പി ക്ലീൻ കേരള കമ്പനി കുറിച്ചി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രധാന എം.സി.എഫ് സ്ഥിതിചെയ്യുന്നത് ചാലച്ചിറ ചന്തയിലാണ്. കഴിഞ്ഞ കുറെ മാസങ്ങളായി ക്ലീൻ കേരള കമ്പനി പ്ലാസ്റ്റിക് ശേഖരിച്ച് കൊണ്ടുപോകാത്തതിനാലാണ് കുമിഞ്ഞുകൂടുന്നത്. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് കൂട്ടിയിട്ടിരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. സുരക്ഷിതത്വമില്ലാതെ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനെതിരെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഓഡിറ്റേഴ്‌സ് വിമർശനം ഉന്നയിച്ചിരുന്നു.

കെട്ടിടം നോക്കുകുത്തി

പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി പണിത കെട്ടിടം ഇതുവരെ ഉപയോഗിച്ചിട്ടില്ല. അലക്ഷ്യമായി ചന്തയിൽ വാരിവിതറിയ നിലയിലാണ് മാലിന്യം. കടുത്ത വേനലിൽ തീപിടിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. മഴ പെയ്താൽ ഇവയെല്ലാം ഒഴുകി ചാലച്ചിറ തോട്ടിലെത്തും.

 ''എത്രയും വേഗം മാലിന്യം നീക്കം ചെയ്യണം. വൃത്തിയുള്ള കേരളത്തിനായി ക്യാമ്പയിനടക്കം നടന്നുവരുമ്പോൾ ഇത്തരം കാഴ്ചകൾ മനംമടുപ്പിക്കുന്നതാണ്.

-രാജഗാപാലൻ, കുറിച്ചി