താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുക്കില്ല , ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

Sunday 15 February 2026 6:44 PM IST

ന്യൂഡൽഹി : ബംഗ്ലാദേശിൽ ചൊവ്വാഴ്ച താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിൽ ഇന്ത്യയെ പ്രതിവിധീകരിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ബംഗ്ലാദേശ് പാർലമെന്റിലെ സൗത്ത് പ്ലാസയിൽ ഫെബ്രുവരി 17ന് ഉച്ചയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബംഗ്ലാദേശ് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയുടെയും ഡൽഹിയിൽ നടക്കുന്ന എ.ഐ ഉച്ചകോടിയിൽ അദ്ധ്യക്ഷത വഹിക്കാനുള്ളതു കൊണ്ടാണ് മോദി പങ്കെടുക്കാതിരിക്കുന്നത്.

ചൈന, സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ്, ഭൂട്ടാൻ എന്നിവയാണ് മറ്റ് ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ജമാ അത്തെ ഇസ്ലാമിയടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുമായി താരിഖ് റഹ്മാൻ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. അതിനിടെ രാജ്യ താൽപര്യങ്ങൾ മുൻനിർത്തിയാകും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധമെന്ന് താരിഖ് റഹ്മാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ബി.എൻ.പി നേടിയ വിജയത്തിന് ശേഷമുള്ള ആദ്യ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സന്തുലിതമായ ബന്ധങ്ങളാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്നും ഏതെങ്കിലും ഒരു രാജ്യവുമായി മാത്രം ബന്ധം പരിമിതപ്പെടുത്തില്ലെന്നും താരിഖ് റഹ്മാൻ പറഞ്ഞു. ബംഗ്ലാദേശിന്റെയും ബംഗ്ലാ ജനതയുടെയും താത്പര്യങ്ങളായിരിക്കും നമ്മുടെ വിദേശനയം നിർവചിക്കുന്നത്. ഇന്ത്യ,​ ചൈന,​ പാകിസ്ഥാൻ,​ തുടങ്ങിയ പ്രാദേശിക ശക്തികളുമായി സന്തുലിതമായ ബന്ധം നിലനിറുത്തുമെന്നും ഒരു രാജ്യത്തെയും യജമാന രാജ്യമായി കണക്കാക്കില്ലെന്നും ബിഎൻപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാട് ആവർത്തിക്കുകയാണ് താരിഖ് റഹ്മാൻ ചെയ്തത്.