വേനലിൽ മലയോരം വറ്റിവരളുന്നു: കുടിവെള്ളത്തിനായി നെട്ടോട്ടം

Monday 16 February 2026 1:20 AM IST

വെള്ളറട: വേനൽ കടുത്തതോടെ മലയോരത്തെ ചെറുനീരുറവകളും അരുവികളും വറ്റിവരണ്ടു. ഇതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി. സ്വന്തമായി കുടിവെള്ള പദ്ധതികളൊന്നുമില്ലാത്ത മലയോര പഞ്ചായത്തായ വെള്ളറടയിൽ മലയടിവാരങ്ങളിലും കുന്നുകളിലും താമസിക്കുന്നവരാണ് ഏറ്റവും അധികം കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മഴയത്ത് നീരുറവകളിൽ കെട്ടിക്കിടന്ന വെള്ളമെല്ലാം വേനൽ ശക്തമായതോടെ വറ്റിവരണ്ടു. കുടിവെള്ളത്തിനായി ജനം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് ശേഖരിക്കേണ്ട അവസ്ഥയാണ് വേനൽ തുടങ്ങിയപ്പോൾ മുതൽ അനുഭവപ്പെടുന്നത്. ചെറുകിട ജലപദ്ധതികൾ ഉണ്ടെങ്കിലും മിക്കവയും പ്രവർത്തന രഹിതമാണ്. യഥാസമയം അറ്റകുറ്റപ്പണികൾ ചെയ്യാതെയും വൈദ്യുതബില്ലുകൾ കെട്ടാത്തതും കാരണം ചെറുകിട ജലവിതരണ പദ്ധതികളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. വെള്ളറടയിൽ വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച കുടിവെള്ള വിതരണ പദ്ധതി ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഉപേക്ഷിച്ചത്. ലോകബാങ്കിന്റെ സഹായത്തോടെ കാളിപ്പാറയിൽ ആരംഭിച്ച വൻകിട പദ്ധതിയിൽ നിന്നു വെള്ളറട , അമ്പൂരി, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ മുഴുവൻ ശുദ്ധജല വിതരണം നടത്താമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ഇതുകാരണം സ്വന്തമായി ഉണ്ടായിരുന്ന കുടിവെള്ള പദ്ധതികൾ പാടെ ഉപേക്ഷിച്ചു. കാളിപ്പാറയിൽ നിന്നുള്ള ജലവിതരണം തുടങ്ങിയെങ്കിലും വെള്ളറട പഞ്ചായത്തിലെ വെള്ളറട ടൗണിലും ആനപ്പാറയിലും ശുദ്ധജലം ഇതുവരെയും എത്തിയിട്ടില്ല.