ചുറ്റുവട്ടം: ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ പതിപ്പിച്ചതാര്?

Monday 16 February 2026 12:25 AM IST

ഉമ്മൻചാണ്ടി ഓർമ്മയായി വർഷങ്ങളായിട്ടും മറ്റൊരു ജനനേതാവിനോട് തോന്നാത്ത തരത്തിൽ നിരവധി ആളുകളാണ് ഇന്നും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പൂക്കളർപ്പിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും. അങ്ങനെ അനശ്വരനായ ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം അടങ്ങുന്ന കല്ലറയ്ക്കു മുകളിൽ ജോസ് കെ.മാണി നയിക്കുന്ന മദ്ധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ പോസ്റ്റർ എങ്ങനെയെത്തി എന്ന ചോദ്യത്തിന് ഉത്തരമില്ല. മരിച്ചിട്ടും ഇടതു മുന്നണി ഉമ്മൻചാണ്ടിയുടെ കല്ലറയെപ്പോലും അപമാനിച്ചെന്നാരോപിച്ച കോൺഗ്രസ് നേതാക്കൾ പോസ്റ്റർ അടങ്ങുന്ന ഫോട്ടോയടക്കം സമൂഹമാദ്ധ്യമങ്ങളിലിട്ട് ആഘോഷിച്ചതോടെ തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻചാണ്ടി വികാരം തിരിച്ചടിയാകുമെന്ന് ഭയന്ന് ഇടതുമുന്നണി നേതാക്കളും രംഗത്തെത്തി. ഇരു കൂട്ടരും പ്രസ്താവന യുദ്ധം നടത്തുന്നതിനിടയിൽ പൊലീസ് പുതുപ്പള്ളി പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പുതുപ്പള്ളിയിൽ കറങ്ങി നടക്കുന്ന ഒരു മനോരോഗിയാണ് (?) കല്ലറയിൽ പോസ്റ്ററും അതിന് മുകളിൽ പൂക്കളും അർപ്പിച്ചതെന്ന് കണ്ടെത്തിയത്.

ഒരു മനോരോഗി ഇങ്ങനെ ചെയ്യുമോയെന്നു കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചപ്പോൾ ഇടതുമുന്നണിക്കെതിരെ ജനങ്ങളെ തിരിക്കാൻ മനോരോഗിയെക്കൊണ്ട് ആരോ ചെയ്യിച്ചതാണെന്ന് ആരോപിച്ച് സി.പി.എം നേതാക്കളും രംഗത്തെത്തി. ജോസ് തുറന്നു പറയാതിരുന്നിട്ടും അദ്ദേഹത്തിന്റെ മനസ് പറയുന്നത് എനിക്ക് കേൾക്കാമെന്ന മട്ടിൽ ജോസ് പാലായിൽ മത്സരിക്കുമെന്ന് മൈക്ക് പിടിച്ചുവാങ്ങി മന്ത്രി റോഷി അഗസ്റ്റിൻ ആവർത്തിച്ചു പറയുന്നതിന്റെ അസ്വസ്ഥതയ്ക്കിടയിലാണ് മനോരോഗിക്ക്(?) ഇങ്ങനെ ചെയ്യാൻ തോന്നിയത്. ഉമ്മൻചാണ്ടിയോട് പിതൃതുല്യ സ്നേഹമുള്ള ജോസ് അതോടെ ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്നു പറഞ്ഞതുപോലായി. പാര പണിതത് ആരാണെങ്കിലും ചാണ്ടി ഉമ്മനെ വിളിച്ച് ക്ഷമാപണം നടത്തി. ചാണ്ടി ഉമ്മൻ ഒരക്ഷരം പോലും പറയാതെ മാന്യത കാട്ടിയതും ശ്രദ്ധേയമായി.

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ഫ്ലക്സിട്ടാൽ പത്തു വോട്ടു പോകുന്നതല്ലാതെ ഞങ്ങൾക്കെന്തു നേട്ടമെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചോദ്യം. മുഖ്യമന്ത്രിയായിരുന്ന കാലത്ത് പണ്ട് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കുടുംബ വീടിന് നേരേ ആരോ കല്ലെറിഞ്ഞു ഓടുപൊട്ടി. പൊലീസ് അന്വേഷണം നടന്നെങ്കിലും പ്രതിയെ ഇതുവരെ കണ്ടെത്തിയില്ല. പ്രതി കോൺഗ്രസുകാരനായിരുന്നതിനാൽ കേസ് ക്ലോസ് ചെയ്യുകയായിരുന്നുവെന്നും, കല്ലറയ്ക് മുകളിൽ പോസ്റ്റർ ഇ

ട്ടതും അതു പോലെയാണെന്നാണ് സി.പി.എം നേതാക്കളുടെ പ്രചാരണം. സി.പി.എമ്മും, കേരള കോൺഗ്രസും പരാതി നൽകിയിട്ടും മനോരോഗിയെ(?) കണ്ടെത്തിയതോടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാതെ കേസ് ക്ലോസ് ചെയ്തോ എന്നാണ് ചുറ്റുവട്ടത്തിന് ഏമാൻമാരോട് ചോദിക്കാനുള്ളത്.