മണ്ണിലേക്ക് മടങ്ങിയത് ആത്മാഭിമാനിയായ കർഷകൻ നാഥനില്ലാതെ ഏലിയാസിന്റെ പച്ചപ്പാടങ്ങൾ
ചെറുപുഴ (കണ്ണൂർ): ''അഞ്ചെട്ട് കർഷക തൊഴിലാളി കുടുംബങ്ങൾ എന്നെ ആശ്രയിച്ച് കഴിയുന്നു. കൃഷിയിൽ എത്ര നഷ്ടം വന്നാലും ഈ തൊഴിൽ കൈവിടാൻ കഴിയില്ല'' തികഞ്ഞ ആത്മാഭിമാനത്തോടെ ഇങ്ങനെ പറഞ്ഞിരുന്ന ഏലിയാസ് അമ്പാട്ട് (62) ഇന്നലെ പുലർച്ചെ 3.30ന് തന്റെ പച്ചക്കറിത്തോട്ടങ്ങളെ തനിച്ചാക്കി വിടവാങ്ങി. മുഖ്യമന്ത്രിയിൽ നിന്ന് മികച്ച പച്ചക്കറി കർഷികനുള്ള അവാർഡ് ഏറ്റുവാങ്ങിയ ഏലിയാസിന്റെ അപ്രതീക്ഷിത വിയോഗം ചെറുപുഴ നിവാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. 40 ലക്ഷം രൂപയോളം വരുന്ന കടബാധ്യതയാണ് ഈ കടുംകൈക്ക് കാരണമെന്നാണ് വിവരം.
ഈസ്റ്റ് എളേരിയിൽ ഇത്തവണ 2,500 ഓളം വാഴത്തൈകൾ വച്ചുപിടിപ്പിച്ച ഏലിയാസിന് വിളവിനൊത്ത വരുമാനം ലഭിച്ചില്ല. മൂന്ന് ദിവസം മുമ്പ് കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ കൂടെയുണ്ടായിരുന്നവർക്കുണ്ടായിരുന്നു. എന്നാൽ സാമ്പത്തിക ബാധ്യതകളെ നിശബ്ദമായി നേരിട്ട വേദന ഒടുവിൽ അദ്ദേഹത്തെ തകർത്തു.
കൃഷിയെ വെറും തൊഴിലായല്ല, ജീവിതരീതിയായി സ്വീകരിച്ച ഏലിയാസ് മറ്റുള്ളവർക്ക് പ്രചോദനമായിരുന്നു. നാലു പതിറ്റാണ്ടോളം പച്ചക്കറികൃഷിയിൽ നൂറുശതമാനം വിളവ് നേടിയ ഇദ്ദേഹത്തിന്റെ വിടവാങ്ങൽ കേരളത്തിലെ കാർഷിക പ്രതിസന്ധിയുടെ മറ്റൊരു നേർചിത്രമാണ്. ഇത്തരം കർഷകരുടെ ജീവിതത്തിൽ സർക്കാർ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ടോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാകുന്നു.
18 വിളകളുടെ കാവൽക്കാരൻ
കണ്ണൂർ ജില്ലയുടെ മലയോര മേഖലയിലെ ഇടവരമ്പ് സ്വദേശിയായ ഏലിയാസ് തരിശുസ്ഥലങ്ങൾ തേടി യാത്ര ചെയ്യുന്ന കർഷകനായിരുന്നു. പയർ, പാവൽ, പടവലം, ഞരമ്പൻ, വെള്ളരി, കുമ്പളം, മത്തൻ, വെണ്ട, മുളക്, ഏത്തവാഴ, വഴുതന, കതിനപ്പയർ, കോവൽ, തണ്ണിമത്തൻ, ചീര, കക്കിരി എന്നിങ്ങനെ ഒരേസമയം പതിനെട്ടോളം കാർഷിക വിളകൾ തന്റെ തോട്ടത്തിൽ നട്ടുപിടിപ്പിച്ചിരുന്നു. പയ്യന്നൂർ, പിലാത്തറ, മാതമംഗലം, പാടിച്ചാൽ, ചെറുപുഴ എന്നിവിടങ്ങളിലെ വാണിജ്യകേന്ദ്രങ്ങളിൽ അദ്ദേഹത്തിന്റെ പച്ചക്കറികൾ വിപണിയിലെത്തിയിരുന്നു.
ജൈവകൃഷിയുടെ മാതൃക
ഹരിത കഷായം, ഫിഷ് അമിനോ ആസിഡ്, ജൈവ സ്ലറി, ഫിറോമോൺ ട്രാപ്പ് എന്നിവ സ്വന്തമായി തയ്യാറാക്കിയിരുന്ന ഏലിയാസ് ജൈവവളമാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. കുമ്മായം, കോഴിവളം, പച്ചച്ചാണകം എന്നിവയായിരുന്നു പ്രധാന വളങ്ങൾ. കണിക്കൊന്ന, ആര്യവേപ്പ്, ശീമക്കൊന്ന, ചാണകം, വെല്ലം, വൻപയർ എന്നിവയടങ്ങിയ ഹരിത കഷായം കീടങ്ങളെ തുരത്താൻ ഫലപ്രദമായിരുന്നു.
മാതൃകാ കർഷകനായി മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് വരെ വാങ്ങിച്ച ചെറുപുഴ ഇടവരമ്പിലെ ഏലിയാസ് അമ്പാട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ, കാർഷിക മേഖലയെ പരിപോഷിപ്പിക്കാൻ കോടികൾ ചെലവിടുന്നുവെന്ന് പരസ്യം ചെയ്യുന്ന സർക്കാർ ഉത്തരം പറയണം. പിണറായി സർക്കാരിന്റെ കർഷക വിരുദ്ധ സമീപനത്തിന്റെ രക്തസാക്ഷിയാണ് ഏലിയാസ്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് അടിയന്തര സഹായം എത്തിക്കുകയും ഇദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കുകയും വേണം.
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്