തട്ടിത്തടഞ്ഞ് വെള്ളം, കൊയ്ത്തിലേക്ക് കോൾപ്പാടം

Monday 16 February 2026 12:45 AM IST

തൃശൂർ: ചിമ്മിനി ഡാമിൽ നിന്നുള്ള വെള്ളം കോൾപ്പാടങ്ങളുടെ വടക്കൻ മേഖലകളിലേക്ക് ഇനിയുമെത്തിയില്ല. മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്നതിനാൽ തട്ടിത്തടഞ്ഞ് പതുക്കെയാണ് വെള്ളമെത്തുന്നത്. ഈയാഴ്ച പുല്ലഴി ഭാഗങ്ങളിൽ കോൾപ്പാടത്ത് കൊയ്ത്ത് തുടങ്ങാനിരിക്കെയാണ് വരൾച്ച പ്രതിസന്ധിയാകുന്നത്. കർഷകരുടെ കഷ്ടപ്പാടുകൾക്കിടെ സ്വകാര്യ മിൽ കമ്പനിക്കാർ പതിവില്ലാത്ത രീതിയിൽ നെല്ലിന്റെ വിലയിൽ കിഴിവ് ചോദിച്ചത് ചേനം, പള്ളിപ്പുറം പടവുകളിൽ പ്രതിസന്ധിയുയർത്തി. പുല്ലഴി കോൾപ്പടവിൽ, മുഴുവൻ നെല്ലും എടുക്കണമെന്ന് മില്ലുകാരുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ഈർപ്പം കൂടുന്നുവെന്നും പതിരുണ്ടെന്നും പറഞ്ഞാണ് ചൂഷണം. ഒരു ക്വിന്റൽ നെല്ലിന് രണ്ടര ശതമാനത്തിലേറെയാണ് ചേർപ്പ് ഭാഗങ്ങളിൽ മില്ലുകാർ ചോദിച്ചത്. ഈ ആവശ്യം കർഷകരും പടവ് ഭാരവാഹികളും അംഗീകരിക്കാതിരുന്നതിനാൽ കമ്പനിക്കാർ ചേനംപടവിൽ കൊയ്ത്ത് നിറുത്തിവച്ചിരുന്നു.

താറാവ് കൃഷിക്കും വെള്ളം..?

താറാവുകൃഷിക്ക് വെള്ളം കൊണ്ടുപോകുന്നത് ദുരിതത്തിലാക്കുന്നതായി കർഷകർക്ക് പരാതിയുണ്ട്. അരിമ്പൂർ, അന്തിക്കാട് പടവുകളിൽ കതിരുവന്ന നെല്ല് ഉണങ്ങാൻ തുടങ്ങുമ്പോഴാണ് മറ്റു കൃഷികൾക്ക് വെള്ളം ഉപയോഗിക്കുന്നത്. വിളക്കുമാടം, പറപ്പൂർ, അടാട്ട്, തോളൂർ എന്നിവിടങ്ങളിലെ കൃഷിയും പ്രതിസന്ധിയിലായിരുന്നു. ചിലയിടങ്ങളിൽ കൊയ്ത്തുകഴിഞ്ഞ പാടത്തേക്ക് ചാലിലൂടെ വെള്ളം കൊണ്ടുപോകുന്നത് കാരണം പ്രധാന ചാലിൽ വെള്ളം ഉയരാത്തതിനാൽ പടവിലേക്ക് വെള്ളം എത്തുന്നില്ലെന്നും പറയുന്നു. കൃഷി, ജലസേചന വകുപ്പിന്റെ അനാസ്ഥയുണ്ടെന്നും കർഷകർ ആരോപിക്കുന്നു. കെ.എൽ.ഡി.സി കനാലിലും വെള്ളമില്ല. ചിമ്മിനി, പീച്ചി ഡാമുകളിൽ കൂടുതൽ വെളളം തുറന്നുവിടണമെന്നാണ് കർഷകരുടെ ആവശ്യം. പറപ്പൂർ, അടാട്ട്, കൈപ്പറമ്പ്, എളവള്ളി പാടശേഖരങ്ങളിലെ മൂവായിരത്തോളം ഏക്കർ നെൽകൃഷിയാണ് വറ്റിവരണ്ടു കിടക്കുന്നത്. ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ അനുമതിയില്ലാതെയാണ് കാനാതോട് റെഗുലേറ്റർ അടച്ചതെന്ന് ജില്ലാ കോൾ കർഷകസംഘം ആരോപിച്ചിരുന്നു.

ജില്ലയിലെ കോൾ നിലം: 13,000 ഏക്കർ

കിലോഗ്രാമിന് നെല്ലിന്റെ വില: 30 രൂപ

പുല്ലഴിയിൽ കൃഷി ചെയ്തത്: ഉമ നെൽവിത്ത്

വിളവെടുക്കാൻ: 130 ദിവസം

എല്ലാ കോൾപ്പാടങ്ങളിലേക്കും വെള്ളമെത്തിക്കണം. മറ്റ് ആവശ്യങ്ങൾക്ക് ഡാമിലെ വെള്ളം ഉപയോഗിക്കുന്നത് തടയണം.

-ഗോപിനാഥൻ കൊളങ്ങാട്ട്, വൈസ് പ്രസിഡന്റ്, ജില്ലാ കോൾ കർഷക സംഘം