പ്രേംകുമാറിനെ അനുനയിപ്പിക്കാൻ കടകംപള്ളി, വീട്ടിലെത്തിയെങ്കിലും കാണാതെ മടങ്ങി എംഎൽഎ
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച നടൻ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. പ്രേംകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയ കടകംപള്ളിക്ക് പക്ഷേ അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞില്ല. കടകംപള്ളി എത്തിയപ്പോൾ പ്രേംകുമാർ വീട്ടിൽ ഇല്ലാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തെ കാണാതെ എം.എൽ.എയ്ക്ക് മടങ്ങേണ്ടി വന്നു. കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ പാർട്ടിയിൽ നിന്നും സർക്കാരിൽ നിന്നും ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കടകംപള്ളിയുടെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം തുടർഭരണം പാടില്ലെന്ന് പരസ്യ വിമർശനമുന്നയിച്ച സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ. സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റാത്തതിനെ വിമർശിച്ച് പ്രേംകുമാർ രംഗത്തെത്തിയിരുന്നു. തനിക്കും സച്ചിദാനന്ദനും ഇരട്ടനീതിയോ എന്നും പ്രേംകുമാർ ചോദിച്ചിരുന്നു. ഇതിനിടെ കോൺഗ്രസിലേക്ക് പോകുമെന്ന വാർത്തകളോടും പ്രേംകുമാർ പ്രതികരിച്ചു. എ.ഐ.സി,സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നു എന്നത് പ്രേംകുമാർ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസിൽ ചേരുന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയില്ല.