ടേക് എ ബ്രേക്കും സബ് സെന്ററും അടഞ്ഞുതന്നെ

Monday 16 February 2026 1:07 AM IST

നെടുമങ്ങാട്: ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച പൊതുടോയ്ലെറ്റും ആരോഗ്യ സബ് സെന്ററും തുറന്നു കൊടുക്കുന്നില്ലെന്ന് പരാതി.അരുവിക്കര ഗ്രാമപഞ്ചായത്തിന് കീഴിലെ അഴിക്കോട് വഴിയോര വിശ്രമകേന്ദ്രവും കളത്തറ വാർഡിലെ സബ് സെന്ററുമാണ് ഉദ്‌ഘാടന ശേഷവും അടഞ്ഞുകിടക്കുന്നത്.മൂന്നു മാസം മുമ്പ് ആഘോഷമായി ഉദ്‌ഘാടനം നിർവഹിച്ച കെട്ടിടങ്ങളാണിവ.

തെങ്കാശി അന്തർസംസ്ഥാന പാത കടന്നുപോകുന്ന അഴിക്കോട് ജംഗ്‌ഷനിൽ സംസ്ഥാന സർക്കാരിന്റെ 'ടേക്ക്‌ എ ബ്രേക്ക്" പദ്ധതിയിൽ ഉൾപ്പെടുത്തി 50ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ചതാണ് വഴിയോര വിശ്രമകേന്ദ്രം.2018-19 വാർഷിക പദ്ധതിയുടെ ഭാഗമായി അനുവദിച്ചതാണ്.ഫൗണ്ടേഷൻ പണിയാൻ മാത്രം മൂന്ന് വർഷമെടുത്തു.ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിൽ ശുചിത്വ മിഷനും ഗ്രാമപഞ്ചായത്തും തമ്മിലുണ്ടായ ഉടക്ക് വർഷങ്ങളോളം നീണ്ടുനിന്നു.ഇതിനിടെ, കരാറുകാരൻ കൈയൊഴിഞ്ഞു.അഞ്ച് വർഷം കോൺക്രീറ്റ് പില്ലറുകളിൽ ഒതുങ്ങിയ വിശ്രമകേന്ദ്രത്തിന്റെ ദുരവസ്ഥ 2024 ജൂലായ് 6ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.പ്രതിഷേധം ശക്തിപ്പെട്ടതോടെ ഫണ്ട് അനുവദിച്ച് ഉടനടി പണിയും പൂർത്തിയാക്കി.ടൈലും തറയോടും പാകിയ കെട്ടിടം ഇപ്പോൾ പായലും കളകളും മൂടി അന്യാധീനപ്പെടുന്ന അവസ്ഥയാണ്.

അരുവിക്കര-നെടുമങ്ങാട്-പേരൂർക്കട ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ ഇടത്താവളമാണ് അഴിക്കോട് ജംഗ്‌ഷൻ. ടോയ്ലെറ്റ് തുറന്നു കൊടുത്താൽ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ഉപകാരമാകും. കളത്തറ വാർഡിലെ ആരോഗ്യ സബ് സെന്റർ കെട്ടിടം കേന്ദ്ര ഫണ്ടിൽ നിന്ന് ലഭിച്ച 55ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ചതാണ്.സാങ്കേതിക ബുദ്ധിമുട്ടുകൾ മാത്രം ചൂണ്ടിക്കാട്ടിയാണ് ജനോപകാരപ്രദമായ ഈ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്നത്.