55 മുറികളോടെ ഗുരുവായൂരിൽ പുതിയ സർക്കാർ അതിഥി മന്ദിരം

Monday 16 February 2026 12:45 AM IST

ഗുരുവായൂർ: ഭൂഗർഭ പാർക്കിംഗ് സൗകര്യമടക്കം നിരവധിയായ സൗകര്യങ്ങളോടെ ഗുരുവായൂരിൽ സർക്കാർ അതിഥി മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായി. ഗുരുവായൂർ കിഴക്കെനടയിൽ മഞ്ജുളാലിന് സമീപം 25 കോടി ചെലവിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. 55 മുറികളാണ് അതിഥി മന്ദിരത്തിലുള്ളത്. ഒരു പ്രസിഡൻഷ്യൽ റൂം, നാല് സ്യൂട്ട് റൂം, 50 സ്റ്റാൻഡേർഡ് റൂം എന്നിവ പൊതുജനങ്ങൾക്കായും അനുവദിക്കും.

ഭൂഗർഭ നിലയ്ക്ക് പുറമേ എട്ട് നിലകളിലായി 60 ലക്ഷം ചതുശ്രയടിയിലാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. വി.ഐ.പികൾക്കായി പ്രസിഡൻഷ്യൽ സ്യൂട്ടുമുണ്ട്.

കേന്ദ്രീകൃത ശീതീകരണ സംവിധാനം, മൂന്ന് ലിഫ്റ്റുകൾ, കോൺഫറൻസ് ഹാൾ, വിശാലമായ ഡൈനിംഗ് ഹാൾ എന്നിവയും കാന്റീൻ സൗകര്യവും ഇവിടെയുണ്ട്. നേരത്തെ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചാണ് പുതിയ അതിഥി മന്ദിരം നിർമ്മിച്ചത്. പഴയ കെട്ടിടത്തിന്റെ ജീർണാവസ്ഥ ചൂണ്ടിക്കാട്ടി അന്നത്തെ എം.എൽ.എ കെ.വി.അബ്ദുൾ ഖാദർ നിയമസഭയിൽ ഉപക്ഷേപം അവതരിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ അതിഥി മന്ദിരം നിർമ്മിക്കാൻ തീരുമാനിച്ചത്. പിന്നീട് എം.എൽ.എയായ എൻ.കെ.അക്ബർ തുടർച്ചയായി ഇടപെട്ടതോടെ നിർമാണ പ്രവൃത്തിക്ക് വേഗം കൈവരിച്ചു. ഈ മാസം 19ന് പൊതുമരാമത്തുമന്ത്രി പി.എ.മുഹമ്മദ് റിയാസ് അതിഥി മന്ദിരം ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷനാകും.