മക്കളുടെ നല്ല നാളേയ്ക്കായി നമുക്ക് കൈകോർക്കാം

Monday 16 February 2026 1:16 PM IST

ജീവിതത്തിലെ സുവർണ കാലമാണല്ലോ സ്കൂൾ വിദ്യാഭ്യാസ കാലം! ബാല്യത്തിലെ കുസൃതിയും കൗമാരത്തിലെ കൗതുകവും ചേർന്ന് വ്യത്യസ്തമായ അനുഭവങ്ങളിലൂടെ ജീവിതം ഏറെ ആസ്വദിക്കുവാനും വിവിധ തരത്തിലുള്ള വിജ്ഞാനം ആർജ്ജിക്കുവാനും കഴിയുന്ന കാലം. പക്ഷേ, ഇന്ന് ബാല്യകൗമാരങ്ങൾ പിന്നിട്ട് യൗവനത്തിലേക്കുള്ള യാത്രാമദ്ധ്യേ ജീവൻ ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായാണ് മാദ്ധ്യമ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഈ അദ്ധ്യയന വർഷം തിരുവനന്തപുരം ജില്ലയിൽ മാത്രം നൂറിലധികം കുട്ടികളാണ് പാതിവഴിയിൽ ജീവൻ വെടിഞ്ഞത്! കേരളത്തിലാകമാനമുള്ള ആത്മഹത്യാ നിരക്ക് ദേശീയ ശരാശരിക്കും മുകളിലാണ് എന്നതാണ് വസ്തുത.

നമ്മുടെ കുടുംബ സംവിധാനത്തിലും സാമൂഹിക- സാംസ്കാരിക മേഖലകളിലുമുണ്ടായ വ്യതിയാനങ്ങളാണ് ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതിനുള്ള കാരണങ്ങളിൽ പ്രഥമ സ്ഥാനത്തെന്നു പറയാം. വർദ്ധിച്ചു വരുന്ന ഉപഭോഗ സംസ്കാരവും, സാംസ്കാരിക അധഃപതനവും മൂല്യച്യുതിയും പുതിയ തലമുറയുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതോടൊപ്പം ശിഥിലമായ കുടുംബ പശ്ചാത്തലം കൂടിയാകുമ്പോൾ കുട്ടികൾ തീർത്തും അരക്ഷിതമായ ഒരു മാനസിക ഭാവത്തിലേക്കെത്തും. ആ മാനസികഭാവം അവരെ മദ്യം, മയക്കുമരുന്ന്, ആത്മഹത്യ തുടങ്ങിയ മാരകമായ അഭയ കേന്ദ്രങ്ങളിലേക്കാണ് നയിക്കുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്.

ഉത്തരവാദികൾ

നമ്മൾ തന്നെ

പുതുതലമുറയുടെ മാനസികാരോഗ്യ തകർച്ചയ്ക്കും ജീവഹാനിക്കും കാരണക്കാർ നമ്മൾ രക്ഷിതാക്കൾ ഉൾപ്പെടുന്ന മുതിർന്നവർ തന്നെയല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അയത്നലളിതമായി ആർജ്ജിക്കേണ്ട രീതിയിൽ വിഭാവനം ചെയ്തിരിക്കുന്നതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ പദ്ധതി എന്നതാണ് സത്യം. എന്നാൽ ഭൂരിഭാഗം കോച്ചിംഗ് സെന്ററുകളും, ന്യൂജെൻ രക്ഷിതാക്കളും വിദ്യാഭ്യാസത്തെ സങ്കീർണമായൊരു പ്രക്രിയയായും പരീക്ഷയെ അതികഠിനമായ പരീക്ഷണമായും കാണുന്ന സാമൂഹ്യ സാഹചര്യമാണ് നിലനിൽക്കുന്നത്. ഈയൊരു പടുകുഴിയിൽ അകപ്പെട്ടുപോകുന്നതാകട്ടെ, നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളും!

ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ അവരുടെ ഇഷ്ടത്തിനനുസരിച്ച് പഠിക്കാനോ കളിക്കാനോ കൂട്ടുകൂടാനോ അനുവദിക്കാതെ, രക്ഷിതാക്കളുടെ താത്പര്യങ്ങൾക്കനുസരിച്ച് കുട്ടികളെ കൂട്ടിലടച്ച് വളർത്തുന്ന സംസ്കാരമാണ് ഇപ്പോഴത്തേത്. ഈ സാഹചര്യത്തിൽ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പരുഷമായ വാക്കുകളും കർശന നിയന്ത്രണങ്ങളും അമിതമായ ശിക്ഷയും അവർ കൗമാരത്തിലെത്തുമ്പോൾ രക്ഷിതാക്കളോടുള്ള പകയും വിദ്വേഷവുമായി പരിണമിക്കുന്നു. അതോടെ, പഠനത്തിലുള്ള താത്പര്യം കുറയുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു. ആരെയും അഭിമുഖീകരിക്കാനാകാത്ത വിധം അവരുടെ മാനസികാരോഗ്യം നഷ്ടപ്പെടുന്നു. സ്വാഭാവികമായുണ്ടാകുന്ന ചെറിയ പരാജയങ്ങൾ പോലും ഉൾക്കൊള്ളാനാകാത്തവരായി അവർ മാറുന്നു.

പരീക്ഷപ്പേടിയും

ആത്മഹത്യയും

വിദ്യാർത്ഥികൾ ജീവനൊടുക്കുന്നത് പൊതുവേ പരീക്ഷാ സമയത്താണെന്ന് മാദ്ധ്യമ വാർത്തകൾ

പരിശോധിച്ചാൽ മനസിലാകും. സ്കൂൾ കുട്ടികൾ മാത്രമല്ല, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു. വിദ്യാഭ്യാസ കാര്യത്തിൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരുപടി മുന്നിൽത്തന്നെയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. എന്നിട്ടും അവർ പരീക്ഷയെ ഭയപ്പെടുന്നു എന്നതിൽ വൈരുദ്ധ്യം തോന്നാം. യഥാർത്ഥത്തിൽ കുട്ടികളുടെ മാനസികാരോഗ്യം തകർക്കുന്നത് പരീക്ഷയോ പരീക്ഷയിലെ പരാജയമോ അല്ല. പഠനസമയത്ത് അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളാണ് അതിനു കാരണം.

സ്കൂളിലെ പഠനത്തിനു പുറമേ, രാത്രിയിൽ വൈകുവോളം നീളുന്ന സ്പെഷ്യൽ ട്യൂഷനുകൾ, ഓൺലൈൻ എൻട്രൻസ് ക്ലാസുകൾ ഇവയൊക്കെ കുട്ടികളുടെ മാനസികനിലയെ പ്രതികൂലമായി ബാധിക്കുന്നു. മക്കളെ ഡോക്ടർ, എൻജിനീയർ, ഐ.ടി പ്രൊഫഷണൽ തുടങ്ങിയ മേഖലകളിൽ, പണം കായ്ക്കുന്ന മരങ്ങളായി വളർത്താൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് കുട്ടികൾ അനുഭവിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ മനസിലാവുകയില്ല. മാത്രമല്ല, പരീക്ഷകളിൽ പരാജയപ്പെടുന്നത് പഠിക്കാത്തതുകൊണ്ടല്ലെന്നും, പഠിക്കാനുള്ള സമയം അനുവദിച്ചു കൊടുക്കാത്തതു കൊണ്ടാണെന്നും അവർ ഉൾക്കൊള്ളുന്നില്ല. ഇത്തരം സാഹചര്യങ്ങൾ കുട്ടികളിൽ അമിത സമ്മർദ്ദമുണ്ടാക്കും.

കുടുംബാന്തരീക്ഷം

ഏറെ പ്രധാനം

ആദ്യം വേണ്ടത് കുട്ടികളെ മാനസികാരോഗ്യമുള്ളവരായി വളരാൻ അനുവദിക്കുന്ന ഒരു കുടുംബാന്തരീക്ഷവും സാമൂഹിക വ്യവസ്ഥയും ഉണ്ടാക്കിയെടുക്കുക എന്നതാണ്. ക്ഷമയോടെ അവരെ കേൾക്കാൻ മുതിർന്നവർക്ക് കഴിയണം. അനാരോഗ്യകരമായ മത്സരബുദ്ധിയോ ഭാരിച്ച ലക്ഷ്യങ്ങളോ അവരിൽ അടിച്ചേൽപ്പിക്കാതിരിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും ബോധപൂർവം തന്നെ ശ്രമിക്കേണ്ടതുണ്ട്. കുട്ടിയായിരിക്കുമ്പോൾ സംഭവിച്ചു പോകുന്ന ചെറിയ തെറ്റുകൾക്കോ, പരീക്ഷയിലെ താത്കാലിക പരാജയങ്ങൾക്കോ വലിയ ശിക്ഷ നൽകാതിരിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

മറ്റുള്ളവരുടെ മുന്നിൽ വച്ച് കുട്ടികളെ കുറ്റപ്പെടുത്തി, അവരുടെ ആത്മവിശ്വാസം തകർക്കുന്ന പ്രവണതയും അവസാനിപ്പിക്കേണ്ടതാണ്. കുട്ടികൾക്ക് മാതൃകയാകും വിധമുള്ള ഒരു കുടുംബാന്തരീക്ഷമുണ്ടാക്കിയെടുക്കാൻ രക്ഷിതാക്കൾ ബോധപൂർവം ശ്രമിച്ചാൽ തീർച്ചയായും ആ കുടുംബത്തിലെ കുട്ടികൾ മാനസികാരോഗ്യമുള്ളവരായി വളരുക തന്നെ ചെയ്യും. ഒപ്പം, ആത്മഹത്യ എന്നത് ഒരു പ്രശ്നപരിഹാര മാർഗമല്ല എന്ന അവബോധം കുട്ടികളിലുണ്ടാക്കിയെടുക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും അടങ്ങുന്ന പൊതുസമൂഹം മുൻകൈയെടുത്തു പ്രവർത്തിക്കേണ്ടതുമുണ്ട്.

ഈ ഭൂമിയിലെ ജീവിതത്തിന്റെ മഹിമയും ജീവന്റെ വിലയും ബോദ്ധ്യപ്പെടുത്തി, കുട്ടികളെ കുട്ടികളായി വളരാൻ അനുവദിക്കുക. ചുറ്റുപാടുമുള്ള ജീവിത ചലനങ്ങളും പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളും ഉൾക്കൊണ്ട് അവർ മാനസികാരോഗ്യമുള്ള വ്യക്തികളായി, മനുഷ്യത്വമുള്ള മനുഷ്യരായി വളരട്ടെ.

(തിരുവനന്തപുരം ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ് ചെയർമാൻ ആണ് ലേഖകൻ)