തീരദേശപാത ഇരട്ടിപ്പിക്കൽ: ആലപ്പുഴയിൽ പിറ്റ്ലൈൻ ആശങ്ക

Monday 16 February 2026 8:24 AM IST

ആലപ്പുഴ: തീരദേശ പാതയിരട്ടിപ്പിക്കൽ പ്രഖ്യാപനത്തെ വലിയ ആഹ്ളാദത്തൊടെയാണ് യാത്രക്കാർ സ്വാഗതം ചെയ്തത്. എന്നാൽ,​ വികസനത്തിന്റെ ഭാഗമായി ആലപ്പുഴ റെയിൽവേസ്റ്റേഷനിലെ പിറ്റ്ലൈൻ പൊളിച്ചുമാറ്റുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ അവർ. ദീർഘദൂര ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായി സ്റ്റേഷനിൽ സജ്ജമാക്കിയിട്ടുള്ള

പിറ്റ്ലൈൻ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൊളിച്ചുമാറ്റുമെന്നാണ് അറിയുന്നത്. ഇക്കാര്യം ഡി.പി.ആറിൽ സൂചിപ്പിച്ചിട്ടുണ്ട്. പിറ്റ്ലൈൻ ഉണ്ടെങ്കിൽ മാത്രമേ 1500 കിലോമീറ്ററിൽ കൂടുതൽ ദൂരം ഓടുന്ന ട്രെയിനുകൾക്ക് സർവീസ് നടത്താനാകൂ. എന്നുമാത്രമല്ല,​ ആലപ്പുഴ റെയിൽവേ ഡിപ്പോ അടച്ചുപൂട്ടേണ്ടിയും വരും.

തിരുവനന്തപുരം ഡിവിഷനിൽ തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം നോർത്ത്, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ മാത്രമാണ് പിറ്റ് ലൈൻ നിലവിലുള്ളത്. പിറ്റ്ലൈൻ നഷ്ടമായാൽ പിന്നീട് തിരിച്ചുകിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്.

ആലപ്പുഴ സ്റ്റേഷന്റെ വരുമാനത്തിന്റെ ഏകദേശം എട്ടിലൊന്ന് ധാൻബാദ് എക്‌സ്പ്രസിൽ നിന്നുമാണ്. ധൻബാദ് കൊച്ചുവേളിയിലേക്ക് നീട്ടാനുള്ള ആലോചനയും നിലവിലുണ്ട്. എന്നാൽ,​ ഇതിനുമുമ്പ് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

എറണാകുളത്ത് അവസാനിക്കുന്ന ടാറ്റ നഗർ എക്സ്‌പ്രസ്, ബംഗളൂരു ഇന്റർസിറ്റി, ബിലാസ്പൂർ, പാറ്റ്‌ന, മരുസാഗർ ഇവയിൽ ഏതെങ്കിലും ട്രെയിൻ ആലപ്പുഴയിലേക്ക് നീട്ടിയതിന് ശേഷം മാത്രമേ ധാൻബാദ് കൊച്ചുവേളിയിലേക്ക് നീട്ടാൻ അനുവദിക്കാവൂ എന്നും ആവശ്യമുണ്ട്.

പൊളിക്കണ്ട,​ സ്ഥലമുണ്ട്

1.പിറ്റ്‌ലൈൻ പൊളിക്കാതെ തന്നെ നിലവിലെ പാളത്തിന്റെ കിഴക്കുവശത്ത് പുതിയ പാത പണിയാം. ട്രാക്കിനും എൻ.എച്ച് ബൈപാസ് പില്ലറിനും ഇടയിൽ 12 മീറ്ററിൽ അധികം സ്ഥലമുണ്ട്. ഒരുട്രാക്കിന് നാലര മീറ്റർ സ്ഥലം മതിയാകും

2. പാലക്കാട് ടൗൺ സ്റ്റേഷനിൽ രണ്ട് പിറ്റ് ലൈനുകൾക്കും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കുമായി 46 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇത്രയധികം ചെലവ് വരുന്ന സംവിധാനമാണ് പൊളിക്കാൻ ലക്ഷ്യമിടുന്നത്

3. ആവശ്യത്തിന് പ്ലാറ്റ്‌ഫോമുകളും പാളങ്ങളും ഉണ്ടായിട്ടും കൊല്ലം, തൃശൂർ, പാലക്കാട്, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ ദീർഘദൂര ട്രെയിനുകൾ സർവീസ് നടത്താൻ കഴിയാത്തത് പിറ്റ് ലൈൻ ഇല്ലാത്തത് കൊണ്ടാണ്

പിറ്റ്ലൈൻ പൊളിക്കുന്നത് ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്ക് ഉൾപ്പടെ നിവേദനം നൽകിയിട്ടുണ്ട്. പിറ്റ്ലൈൻ പൊളിച്ചാൽ ആലപ്പുഴ തീരെ അവഗണിക്കപ്പെടും

- രതീഷ് പൊന്നപ്പൻ,​ അഡ്വൈസർ

തിരു- കൊച്ചി റെയിൽവേ കമ്മ്യൂട്ടേർസ്

വെൽഫെയർ അസോ.