മെഡി. കോളജ് ഡോക്ടർമാരുടെ ഒ.പി ബഹിഷ്‌കരണം ഇന്നുമുതൽ

Monday 16 February 2026 8:28 AM IST

അമ്പലപ്പുഴ: മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണം ഇന്നു മുതൽ ആരംഭിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തെരുവിലടക്കം പ്രക്ഷോഭം തുടർന്നിട്ടും സർക്കാർ മുഖം തിരിച്ചതോടെയാണ് ഡോക്ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണ സമരത്തിലേക്ക് നീങ്ങുന്നത്. ഇന്ന് രാവിലെ 11ന് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും പ്രതിഷേധ പ്രകടനവും നടക്കും. തിങ്കളാഴ്ച മുതൽ അനിശ്ചിതകാല അക്കാദമിക് ബഹിഷ്‌കരണവും മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.

25 മുതൽ യൂനിവേഴ്സിറ്റി പരീക്ഷാ ജോലികളും അനുബന്ധ പ്രവർത്തനങ്ങളും ബഹിഷ്‌കരിക്കുമെന്നും അവർ പറഞ്ഞു. മറ്റു മെഡിക്കൽ കോളജുകളിൽ ചട്ടപ്പടി സമരവും മെഡിക്കൽ ബോർഡ് ബഹിഷ്‌കരണവും തിരുവനന്തപുരത്ത് റിലേ നിരാഹാരവും തുടരുന്നുണ്ട്. അതേസമയം, അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, കിടത്തി ചികിത്സ എന്നീ സേവനങ്ങൾ മുടക്കില്ലെന്ന് പ്രതിനിധികൾ അറിയിച്ചു.