സൗത്ത് റെയിൽവേ സ്റ്റേഷനിൽ 15 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

Monday 16 February 2026 2:32 AM IST

എറണാകുളം സൗത്ത് സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് 15 കിലോ കഞ്ചാവുമായി ഭജൻ നായിക്കിനെ കസ്റ്റഡിയിലെടുത്തപ്പോൾ

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എക്സൈസും ആർ.പി.എഫും നടത്തിയ പ്രത്യേക പരിശോധനയിൽ 15 കിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാരനെ അറസ്റ്റ് ചെയ്തു. ട്രെയിനുകളിൽ സ്ഥിരമായി കഞ്ചാവ് കടത്തിവന്ന ഒഡീഷ കേന്ദ്രപ്പാറ പാട്ടുപുറ സ്വദേശി ഭജൻ നായിക്കിനെയാണ് (29) കഞ്ചാവ് സഹിതം കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി 7.50 ന് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ വൈദ്യുത പോസ്റ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എറണാകുളം എക്സൈസ് സർക്കിളും ആർ.പി.എഫിന്റെ ക്രൈം ഡിറ്റക്ഷൻ സ്ക്വാഡും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. എറണാകുളം നഗരത്തിലും കളമശേരിയിലും നിരവധി തവണ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. ഒഡീഷയിൽ നിന്നാണ് കടത്തിക്കൊണ്ട് വരുന്നത്. കുറഞ്ഞ വിലയ്ക്ക് അവിടെ നിന്ന് വാങ്ങുന്ന കഞ്ചാവ് പതിന്മടങ്ങ് വിലയ്ക്കാണ് മറിച്ചു വിൽക്കുന്നത്. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസ്, എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി, ആർ.പി.എഫ് സൗത്ത് സി.ഐ ബിനോയ് ആന്റണി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ശിഹാബുദ്ദീൻ, എം.എച്ച്. ജയകുമാർ, പി,ജെ. വിപിൻ ബാബു, ആർ.പി.എഫ് കോൺസ്റ്റബിൾമാരായ അജയഷോഷ്, മനു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.