മകളെ അക്രമിച്ചത് ചോദ്യം ചെയ്തു; വീടിന് തീവച്ച് മരുമകൻ

Monday 16 February 2026 2:42 AM IST

മുക്കം: കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യാമാതാവിന്റെ വീടിന് തീവച്ച് മരുമകൻ. കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ്

തടത്തിൽ കോളനിയിൽ താമസിക്കുന്ന ജമീലയുടെ വീടാണ് മരുമകനായ പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടിൽ അബ്ദുൾ റാഷീദ്‌ പെട്രോളൊഴിച്ച് കത്തിച്ചത്. വലിയപറമ്പ് തടത്തിൽ കോളനിയിൽ താമസിക്കുന്ന ജമീലയുടെ

മകളും മരുമകനായ അബ്ദുൾ റാഷിദും കൊടിയത്തൂർ കാരക്കുറ്റിയിലെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ജമീലയുടെ മുൻപിൽ വെച്ച് മകളെ കഴിഞ്ഞ ദിവസം ഇയാൾ മർദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് റാഷിദും ജമീലയും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അക്രമിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റതിനെ തുടർന്ന് മകളെ ആശുപത്രിയിൽ കാണിച്ച ശേഷം വലിയപറമ്പിലെ വീട്ടിലെത്തി. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ വീടിന് കല്ലെറിയുന്ന ശബ്ദം കേട്ട് നോക്കുമ്പോഴാണ് അടുക്കളഭാഗത്ത് തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.

അയൽവാസികൾ എത്തി തീയണച്ചത്. വീടിന്റെ അടുക്കളഭാഗം പൂർണമായും കത്തിയമർന്നു. മുക്കം പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയായ അബ്ദുൾ റാഷീദിനെ

കുന്ദമംഗലത്തു നിന്ന് പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവ സമയത്ത് ജമീലയും രണ്ട് മക്കളും പേരക്കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.