കാപ്പാക്കേസ് പ്രതിയുടെ മകന്റെ ബർത്ത് ഡേ ആഘോഷം : എട്ട് ഗുണ്ടകൾ അറസ്റ്റിൽ
തിരുവല്ല : കാപ്പാ കേസ് പ്രതിയുടെ മകന്റെ ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്ത എട്ട് ഗുണ്ടകളെ പൊലീസ് അറസ്റ്റു ചെയ്തു. കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ തിരുവല്ല സ്വദേശി റോഷൻ വർഗീസിന്റെ മകന്റെ ബർത്ത് ഡേ പാർട്ടിക്കെത്തിയ ആലുംതുരുത്തി കന്യാകോണിൽ അലക്സ് എം ജോർജ് (26), അലൻ എം ജോർജ് (25), വെൺപാല പടിഞ്ഞാറെ വളഞ്ചേരിൽ വീട്ടിൽ വൈശാഖ് (28), നെടുമ്പ്രം ചെറിയമാലിൽ വീട്ടിൽ ശരത് (27), പൊടിയാടി വാഴപ്പറമ്പിൽ വീട്ടിൽ ശ്യാംകുമാർ (32), കുറ്റൂർ സജു ഭവനത്തിൽ സച്ചു (31), തുകലശേരി വെളുത്തേടത്ത് മാലിയിൽ ഹരികൃഷ്ണൻ (22), പാഴൂർ പുതുപ്പറമ്പിൽ കിരൺ (35) എന്നിവരാണ് പിടിയിലായത്. സാമൂഹ്യവിരുദ്ധരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരും മാത്രം ചേർന്ന് നടത്തിയ ആഘോഷ പരിപാടി ശ്രദ്ധയിൽപ്പെട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിൽ ആക്കിയത്. എസ്.എച്ച്.ഒ സുജിത്ത് കെ.എസ്, എസ്.ഐ. ഉണ്ണികൃഷ്ണൻ, സി.പി.ഒ മാരായ അഖിലേഷ്, അവിനാഷ്, സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.