വികസിത ഭാരതത്തിന് അടിത്തറയിട്ടു:മോദി

Monday 16 February 2026 1:16 AM IST

ന്യൂഡൽഹി: ഇന്നത്തെ തീരുമാനങ്ങൾ 2047-ലെ വികസിത ഭാരതത്തിന് അടിത്തറയിടുന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു.

മത്സരാധിഷ്ഠിതമായ ആഭ്യന്തര വ്യവസായത്തിന്റെയും ആത്മവിശ്വാസമുള്ള സമീപനത്തിന്റെയും തുറന്ന കാഴ്ചപ്പാടിന്റെയും ഫലമാണ് യു.എസുമായുള്ള വ്യാപാര കരാർ. യു.പി.എ സർക്കാരിന്റെ കാലത്ത് വ്യാപാര കരാറുകൾക്കായി നടത്തിയ ശ്രമങ്ങൾ അനിശ്ചിതത്വവും പൊരുത്തക്കേടുമാണ് സമ്മാനിച്ചത്. അവരുടെ സാമ്പത്തിക ദുർഭരണം കാരണം വ്യാപാര ചർച്ചകൾ ഒരിക്കലും നടപ്പായില്ല. യൂറോപ്യൻ യൂണിയനുമായുള്ള കരാർ ഉദാഹരണം.

എൻ.ഡി.എ സർക്കാർ നയാധിഷ്ഠിത ഭരണത്തിലൂടെ സാമ്പത്തിക പുനരുജ്ജീവനം നടപ്പാക്കി. രാഷ്ട്രീയ സ്ഥിരതയും നയ വ്യക്തതയും വന്നപ്പോൾ ലോകം ഇന്ത്യയിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നു. അത് ഉൽപ്പാദന, സേവന മേഖലകളെ സഹായിച്ചു. സർക്കാർ എം.എസ്.എം.ഇകൾക്കിടയിൽ ഉൽപ്പാദനക്ഷമതയും മത്സരക്ഷമതയും പ്രോത്സാഹിപ്പിച്ചു. ഭാവിയുള്ള സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ, പല രാജ്യങ്ങളും ഇന്ത്യയുമായി വ്യാപാര കരാറുകൾ ഉണ്ടാക്കാൻ താത്പര്യപ്പെട്ടു.

38 രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ നമ്മുടെ ഉൽപ്പന്നങ്ങൾക്ക് ലോക വിപണി ഉറപ്പാക്കി. കരാറിന് ശേഷം ആസ്‌ട്രേലിയയുമായും യു.എ.ഇയുമായുമുള്ള വ്യാപാരം ഇരട്ടിയായി.

നിലവിലുള്ളവ നവീകരിക്കാനും അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ബഡ്‌ജറ്റാണ് ഇക്കുറി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറെക്കാലമായി ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങൾ അവഗണിക്കപ്പെട്ടത് ജനങ്ങൾക്കും ബിസിനസുകൾക്കും വെല്ലുവിളിയായിരുന്നു.