'വിജയ് തൃഷയുടെ വീട്ടിൽ', നൈനാർ നാഗേന്ദ്രന്റെ പരാമർശത്തിൽ വിവാദം

Monday 16 February 2026 1:18 AM IST

ചെന്നൈ: ടി.വി.കെ പ്രസിഡന്റും സൂപ്പർതാരവുമായ വിജയ്‌‌യേയും നടി തൃഷയേയും ബന്ധപ്പെടുത്തി തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ നടത്തിയ പരമർശങ്ങൾ വിവാദത്തിൽ. 'രാഷ്ട്രീയത്തിലിറങ്ങണമെങ്കിൽ വിജയ് ആദ്യം തൃഷയുടെ വീട് വിട്ടുപുറത്തുവരണം.സ്വന്തം കുടുംബത്തോടെങ്കിലും സ്‌നേഹം കാണിക്കണം. അദ്ദേഹത്തിന് അനുഭവങ്ങളില്ല, പാവം. തൃഷയെ വിട്ട് പുറത്തിറങ്ങിയാൽ മാത്രമേ എല്ലാം നടക്കൂ. മുതിർന്നവർ പറയുന്നത് കേൾക്കണം. നല്ല നേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ല രീതിയിൽ സംസാരിക്കണം. മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാനാകാത്ത ആൾക്ക് ആകാശത്തേറി വൈകുണ്ഠത്തിൽ പോകാനാകുമോ" എന്നായിരുന്നു പരാമർശം. ഡി.എം.കെയുടെ ഏക എതിരാളി ടി.വി.കെയാണെന്ന വിജയ്‌യുടെ വാദത്തിന് മറുപടിയായി മാദ്ധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടനായതുകൊണ്ടുമാത്രം 32 ശതമാനം ലഭിക്കുമെന്ന് പറയുന്ന ഒരാളെ എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. പരാമർശത്തിനെതിരെ പ്രതിഷേധമുയർന്നെങ്കിലും നാഗേന്ദ്രൻ പ്രസ്താവന പിൻവലിക്കാൻ വിസമ്മതിച്ചു. സ്ത്രീകളെ ബഹുമാനിക്കാത്തവരാണ് ബി.ജെ.പി നേതാക്കളെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ ആരോപിച്ചു. അതേസമയം, സംസ്ഥാന പ്രസിഡന്റിന്റെ പരാമർശങ്ങൾ നല്ല അർത്ഥത്തിലാണെന്ന് ബി.ജെ.പി നേതാവ് വിജയധരണി അവകാശപ്പെട്ടു.

 സ്ത്രീകൾക്ക് ഒരിക്കലും ബഹുമാനം നൽകാത്ത മനു ധർമ്മം അവർ പിന്തുടരുന്നു. സ്വാഭാവികമായും, അദ്ദേഹം അങ്ങനെ സംസാരിക്കും. അതുകൊണ്ടാണ് തമിഴ്നാട്ടിലെ ജനങ്ങൾ ബി.ജെ.പിയെ എതിർക്കുന്നത്. അവർ സ്ത്രീകളോട് മോശമായി പെരുമാറും.'

-ടി.കെ.എസ് ഇളങ്കോവൻ

ഡി.എം.കെ വക്താവ്

 തൃഷയുടെ പേര് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചത് എന്തിനാണ്. രാഷ്ട്രീയത്തിൽ വ്യക്തിപരമായ പരാമർശങ്ങൾ നടത്തരുത്. അത്തരത്തിൽ ഒരാളെ അപകീർത്തിപ്പെടുത്തരുത്

-സെൽവപെരുന്തഗൈ

തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്

 സാധാരണയായി സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നത് ഡി.എം.കെയാണ്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നപ്പോൾ ഡി.എം.കെ എന്നെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തി. സ്ത്രീകളെ ലക്ഷ്യം വയ്ക്കുക, അവരെ ഉപദ്രവിക്കുക, അവരെക്കുറിച്ച് വളരെ മോശമായി സംസാരിക്കുക എന്നത് ഡി.എം.കെയുടെ പതിവ് നിലപാടാണ്

-വിജയധരണി

ബി.ജെ.പി നേതാവ്