ഇരുചക്ര വാഹന മോഷ്ടാക്കൾ പിടിയിൽ

Monday 16 February 2026 3:18 AM IST

ആലുവ: പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ട് പേർ മോഷ്ടിച്ച ഇരുചക്ര വാഹനവുമായി എടത്തല പൊലീസിന്റെ പിടിയിലായി. പുക്കാട്ടുപടി അയലാരത്ത് വീട്ടിൽ ബ്രിസ്റ്റോ (18)യും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്.

എൻ.എ.ഡി തൊരപ്പ് ഭാഗത്ത് ശനിയാഴ്ച രാത്രിയിൽ വാഹന പരിശോധനയ്‌ക്കിടെ സംശയം തോന്നി എ.എസ്‌.ഐ സക്കീറും സി.പി.ഒ പ്രദീപും ഇരുവരെയും പിടിച്ചു നിറുത്തി ചോദ്യം ചെയ്യുകയായിരുന്നു. വാഹനം പരിശോധിച്ചപ്പോൾ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. അമ്പാട്ടുകാവ മെട്രോ സ്റ്റേഷനിൽ നിന്ന് വാഹനം മോഷണം പോയത് ഉടമ അറിഞ്ഞിരുന്നില്ല. എടത്തല പൊലീസ് അറിയിച്ചതോടെ ഉടമ ഇന്നലെ ആലുവ സ്റ്റേഷനിലെത്തി പരാതി നൽകി. പ്രതികളെ ആലുവ പൊലീസിന് കൈമാറി. എടത്തല പൊലീസ് പട്രോളിംഗ് സംഘത്തിന്റെ ഇടപെടലാണ് പ്രതികൾ വലയിലാകാൻ കാരണം.