എ.ഐ ഉച്ചകോടി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Monday 16 February 2026 1:23 AM IST

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എ.ഐ ഇംപാക്‌ട് ഉച്ചകോടിയുടെ ഭാഗമായ ഇന്ത്യ എ.ഐ ഇംപാക്ട് എക്സ്പോ 2026 പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ ഇന്ന് വൈകിട്ട് അ‌ഞ്ചിന് ഉദ്ഘാടനം ചെയ്യും. ലോക നേതാക്കളടക്കം പങ്കെടുക്കുന്ന ഉച്ചകോടിയുടെ പ്രധാന സെഷന്റെ ഔദ്യോഗിക ഉദ്ഘാടനം 19നാണ്. എ.ഐ നയരൂപീകരണം, നവീനാശയങ്ങൾ, എഐ സാങ്കേതിക വിദ്യ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നത് അടക്കം വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദർശനം. 70,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ തയ്യാറാക്കിയ 10 വേദികളിൽ ആഗോള സാങ്കേതികവിദ്യ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്രമന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരുടെ പവലിയനുകളുണ്ടാകും. ആസ്‌ട്രേലിയ, ജപ്പാൻ, റഷ്യ, യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്‌സ്, സ്വിറ്റ്സർലൻഡ്, സെർബിയ, എസ്തോണിയ, താജിക്കിസ്ഥാൻ, ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ പവിലിയനുകളുമുണ്ട്. അന്താരാഷ്ട്ര പ്രതിനിധികൾ ഉൾപ്പെടെ രണ്ടര ലക്ഷത്തിലധികം സന്ദർശകരെയാണ് എക്സ്പോയിൽ പ്രതീക്ഷിക്കുന്നത്.

ഭാരത് മണ്ഡപം, സുഷമ സ്വരാജ് ഭവൻ, അംബേദ്കർ ഭവൻ എന്നിവിടങ്ങളിലെ വേദികളിൽ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, വട്ടമേശ സമ്മേളനങ്ങൾ എന്നിവയും ഇന്ന് നടക്കും.