യു.എസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചനിലയിൽ
വാഷിംഗ്ടൺ: യു.എസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യയുടെ (22) മൃതദേഹം ശനിയാഴ്ച കാലിഫോർണിയയിലെ അൻസ തടാകത്തിലാണ് കണ്ടെത്തിയത്. ബെർക്ക്‌ലിയിലെ യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയയിൽ കെമിക്കൽ ആൻഡ് ബയോ മോളിക്യുലാർ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു. ഈ മാസം 9നാണ് സാകേതിനെ കാണാതായെന്ന പരാതി ലഭിച്ചത്. സാകേതിന്റെ ലാപ്ടോപ്പും പാസ്പോർട്ടും അടങ്ങുന്ന ബാഗ് ബെർക്ക്‌ലി ഹിൽസിലെ ടിൽഡൻ പാർക്കിൽ കണ്ടെത്തി. തുടർന്ന് പ്രദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സോണാർ, ഡ്രോൺ എന്നിവയുടെയും മുങ്ങൽ വിദഗ്ദ്ധരുടെയും സഹായത്തോടെ നടന്ന തെരച്ചിലിനൊടുവിൽ പാർക്കിലെ അൻസ തടാകത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സാകേത് അടുത്തിടെ മാനസിക സംഘർഷങ്ങൾ നേരിട്ടിരുന്നെന്നും ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര നടപടികൾ ആരംഭിച്ചതായി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
പഠനത്തിൽ മിടുക്കൻ
പഠനത്തിൽ മിടുക്കനായിരുന്ന സാകേതിന് കെമിക്കൽ എൻജിനിയറിംഗിൽ മികച്ച കരിയർ നേടാനാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കുടുംബവും അദ്ധ്യാപകരും സുഹൃത്തുക്കളും. ഐ.ഐ.ടി മദ്രാസിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ സാകേത്, ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസിൽ ഇന്റേൺഷിപ്പ് ചെയ്തു. യൂണിലിവറിൽ റിസേർച്ച് ഫെല്ലോ ആയും പ്രവർത്തിച്ചു. ഐ.ഐ.ടിയിലെ പഠനകാലത്ത് ഹൈപ്പർ ലൂപ്പിനായുള്ള മൈക്രോ ചാനൽ കൂളിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചതിന് സാകേത് അടക്കം ആറു പേർ പേറ്റന്റ് നേടിയിരുന്നു.