വിവാഹത്തിരക്കിനിടെ വധുവിന്റെ ബാഗ് മോഷ്ടിച്ചു; 'മാന്യൻ' കുടുങ്ങിയത് സിസിടിവിയിൽ

Monday 16 February 2026 9:58 AM IST

ജയ്പൂർ: വിവാഹ റിസപ്ഷന്റെ തിരക്കുകൾക്കിടയിൽ വധുവിന്റെ സ്വർണാഭരണങ്ങളും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിലായി. അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്ന വധൂവരന്മാരുടെ കൺമുന്നിൽ വച്ചായിരുന്നു സിനിമാ സ്റ്റൈലിൽ മോഷണം. ഫെബ്രുവരി 7നായിരുന്നു കേസിനാസ്പദമായ സംഭവം.

വിവാഹ റിസപ്ഷൻ വേദിയിൽ വധൂവരന്മാർ അതിഥികളെ സ്വീകരിക്കുന്നതിനിടെയാണ് മാന്യമായി വസ്ത്രം ധരിച്ച ഒരാൾ വധുവിനടുത്തേക്ക് എത്തിയത്. ബന്ധുവാണെന്ന വ്യാജേന വേദിയിൽ നിലയുറപ്പിച്ച ഇയാൾ, എല്ലാവരും ഫോട്ടോ എടുക്കുന്നതിലും മറ്റും വ്യാപൃതരായ തക്കം നോക്കി വധുവിന്റെ ബാഗുമായി കടന്നുകളയുകയായിരുന്നു.

ബാഗിനുള്ളിൽ ഏകദേശം 4 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും പണവും ഉണ്ടായിരുന്നു. ചടങ്ങുകൾ കഴിഞ്ഞ് പോകാൻ നേരമാണ് തന്റെ ബാഗ് കാണാനില്ലെന്ന വിവരം വധു ശ്രദ്ധിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ വിവാഹ വീഡിയോയിലും ഹാളിലെ സിസിടിവി ക്യാമറകളിലും മോഷണ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞതായി കണ്ടെത്തി. വീഡിയോയിൽ പ്രതി ബാഗുമായി വേദിയിൽ നിന്ന് കൂളായി നടന്നുപോകുന്നത് കാണാം. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതിയെ പിടികൂടുകയും ചെയ്യുകയായിരുന്നു.