'എന്റെ മൃതദേഹം അവിടെയുണ്ട്'; ഡയറിയിൽ സൂചന നൽകിയ ശേഷം പ്ലസ്  വൺ  വിദ്യാ‌ർത്ഥിനി ആത്മഹത്യ ചെയ്തു

Monday 16 February 2026 11:19 AM IST

ഗുരുഗ്രാം: കാണാതായ പ്ലസ് വൺ വിദ്യാ‌ർത്ഥിനിയുടെ മൃതദേഹം ശ്മശാനത്തിനടുത്തുള്ള കുളത്തിൽ നിന്ന് കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. പെൺകുട്ടി എഴുതിയതെന്ന് സംശയിക്കുന്ന ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മെെത്രി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ചത്.

'അമ്മയും അച്ഛനും ദയവായി എന്നോട് ക്ഷമിക്കൂ,​ ഞാൻ മുത്തച്ഛന്റെ അടുത്തേക്ക് പോകുകയാണ്. എന്നെ കുളത്തിന് സമീപം നോക്കൂ'- എന്നാണ് ഡയറിൽ എഴുതിയിരുന്നത്.

പെൺകുട്ടിയുടെ പിതാവ് കോടതി ലെെബ്രറിയിലാണ് ജോലി ചെയ്യുന്നത്. ഫെബ്രുവരി 11ന് രാത്രി ഭക്ഷണം കഴിച്ചശേഷം പഠിക്കാനുണ്ടെന്ന് പറഞ്ഞാണ് പെൺകുട്ടി മുറിയിലേക്ക് പോകുന്നത്. എന്നാൽ അടുത്തദിവസം രാവിലെ മുറിയിൽ കുട്ടിയുണ്ടായിരുന്നില്ല.

തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത്. വീടിന്റെ സമീപപ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുട്ടി യൂണിഫോം ധരിച്ച് വീട്ടിൽ നിന്ന് ഇറങ്ങിനടക്കുന്നതായി കണ്ടു. വെള്ളിയാഴ്ച പെൺകുട്ടിയുടെ മുറിയിൽ നടത്തിയ പരിശോധനയിലാണ് ഡയറി കണ്ടെത്തിയത്. കുളത്തിലെ ചെള്ളിയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം . പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കെെമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.