നിലവിളക്ക് കരിന്തിരി കത്തിയോ; എന്നാൽ ഇക്കാര്യം ശ്രദ്ധിക്കണം

Monday 16 February 2026 2:39 PM IST

ഹിന്ദുമതവിശ്വാസപ്രകാരം ദിവസവും വീടുകളിൽ നിലവിളക്ക് തെളിക്കാറുണ്ട്. നിലവിളക്ക് കൊളുത്തുന്നത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. എന്നാൽ നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ദോഷം അത് വരുത്തുമെന്നാണ് വിശ്വാസം.

ഒരിക്കലും ഒരു തവണ കത്തിച്ച നിലവിളക്ക് വൃത്തിയാക്കാതെ വീണ്ടും കത്തിക്കാൻ പാടില്ല. ഒരുതവണ വിളക്ക് കത്തിച്ചശേഷം അത് കഴുകിയോ തുടച്ചോ വൃത്തിയാക്കിയശേഷം പുതിയ തിരിയിട്ട് വിളക്ക് കൊളുത്തണം. കരിന്തിരി കത്തിയ വിളക്ക് ഒരിക്കലും വൃത്തിയാക്കാതെ ഉപയോഗിക്കരുതെന്ന് ജ്യോതിഷികൾ പറയുന്നു. ഇത് കുടുംബത്തിന് വളരെ ദോഷമാണ്.

കിഴക്കോട്ടും പടിഞ്ഞാറോട്ടും രണ്ട് തിരി വീതം ഇട്ടാണ് വിളക്ക് തെളിയിക്കേണ്ടത്. ഒറ്റ തിരിയിട്ട് വിളക്ക് കൊളുത്തുന്ന രീതി ശരിയല്ല. ഇത് മഹാ വ്യാധികൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. മൂന്നു തിരിയിട്ട ദീപം അജ്ഞതയേയും നാല് തിരിയിട്ട ദീപം ദാരിദ്ര്യത്തെയും സൂചിപ്പിക്കുന്നു. അഞ്ച് തിരിയിട്ട് ഭദ്രദീപം തെളിയിക്കുന്നത് ഐശ്വര്യപൂര്‍ണമാണെന്നാണ് വിശ്വാസം. അ‌ഞ്ചാമത്തെ തിരി കൈലാസത്തെ സൂചിപ്പിക്കാൻ വടക്ക് കിഴക്ക് ഭാഗത്ത് വേണം വയ്ക്കാൻ. വിളക്കിലെ എണ്ണ വറ്റും വരെ കത്തിച്ചുവയ്ക്കണമെന്നാണ് കണക്ക്.

എങ്കിലും സന്ധ്യ കഴിയുമ്പോൾ വിളക്ക് അണയ്ക്കുന്നതിൽ തെറ്റില്ല. എന്നാൽ ഒരിക്കലും തിരി അണയ്ക്കാൻ ഊതി കെടുത്തരുത്. പുഷ്പം ഉപയോഗിച്ച് കെടുത്തുന്നതാണ് ഉത്തമം. പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ നിലവിളക്ക് വയ്ക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ഈശാന കോണായ വടക്കുകിഴക്കോ വീടിന്റെ മദ്ധ്യഭാഗത്തോ തെക്കുപടിഞ്ഞാറു ഭാഗത്തോ വിളക്ക് വയ്ക്കാവുന്നതാണ്.