ക്രീം ബിസ്‌കറ്റിൽ ശരിക്കും ക്രീമില്ല; അവർ പറ്റിച്ചതല്ല, കവറിലെ ഇക്കാര്യം നമ്മൾ ശ്രദ്ധിക്കാത്തതാണ്
കുട്ടികളുടെ പ്രിയപ്പെട്ട സ്‌നാക്കുകളിലൊന്നാണ് ബിസ്‌കറ്റ്. ഇതിൽതന്നെ ക്രീം ബിസ്‌കറ്റുകളോടാണ് കൂടുതൽപ്പേർക്കും പ്രിയം. എന്നാൽ കടകളിൽ നിന്ന് ബിസ്‌കറ്റ് വാങ്ങുമ്പോൾ അധികമാരും ശ്രദ്ധിക്കാത്തൊരു കാര്യം അതിന്റെ കവറിൽ ഒളിഞ്ഞിരിപ്പുണ്ട്. ക്രീം എന്നെഴുതിയിരിക്കുന്നതിന്റെ സ്‌പെല്ലിംഗ് ശ്രദ്ധിച്ചാൽ അത് മനസിലാകും.
ക്രീം ബിസ്‌കറ്റുകളിൽ cream എന്നതിനുപകരം creme എന്നാണ് എഴുതാറുള്ളത്. എന്നാലിത് മിക്കവരും ശ്രദ്ധിക്കാറില്ല. രണ്ട് വാക്കുകളുടെയും അർത്ഥം വ്യത്യസ്തമാണ്. "cream" എന്നത് പാലിന്റെ കൊഴുപ്പിൽ നിന്നുള്ള ഒരു പാലുത്പന്നമാണ്. അതേസമയം "creme" സാധാരണയായി സംസ്കരിച്ച ഭക്ഷണങ്ങളിൽ കാണപ്പെടുന്ന സസ്യ എണ്ണ അടിസ്ഥാനമാക്കിയുള്ള ഫില്ലിംഗ് അല്ലെങ്കിൽ ഫ്ലേവറിംഗ് ആണ്. ഇത് പാലുത്പന്നമല്ല. creme എന്നത് creamന്റെ ഫ്രഞ്ച് പദമാണെങ്കിലും, മാർക്കറ്റിംഗിൽ ഇത് സിന്തറ്റിക്, ഷെൽഫ്-സ്റ്റേബിൾ ആയിട്ടുള്ള പകരക്കാരനെ സൂചിപ്പിക്കുന്നതാണ്.
പശുവിൻ പാലിന്റെ മുകളിലെ പാളിയിൽ നിന്നുള്ള പോഷകസമൃദ്ധമായ കൊഴുപ്പിൽ നിന്നാണ് cream തയ്യാറാക്കുന്നത്. ഇതിൽ എ, ഡി വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. സസ്യ എണ്ണകൾ, പഞ്ചസാര, കൃത്രിമ സുഗന്ധങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്നതും കൃത്രിമ ക്രീം ആണ് creme.
മിൽക്ക് സോളിഡ്‌സ് അല്ലെങ്കിൽ ബട്ടർഫാറ്റ് എന്നിവയ്ക്ക് പകരം "സസ്യ എണ്ണ" അല്ലെങ്കിൽ "പാം ഓയിൽ" എന്നിവയാണ് ബിസ്‌കറ്റ് പോലുള്ള ഭക്ഷ്യ വസ്തുക്കളിൽ പ്രാഥമിക ചേരുവയായി നൽകിയിട്ടുള്ളതെങ്കിൽ അത് cream അല്ല, മറിച്ച് creme ആണെന്ന് ഉറപ്പിക്കാൻ സാധിക്കും.