ചൂടിൽ വെന്തുനീറി കാർഷികമേഖല

Tuesday 17 February 2026 12:41 AM IST

കോട്ടയം : കടുത്ത വേനലിൽ വെള്ളത്തിന് ദൗർലഭ്യം നേരിടുന്നതിനൊപ്പം കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതും കാർഷികമേഖലയെ പിന്നോട്ടടിക്കുന്നു. തോടിനോട് ചേർന്ന പ്രദേശങ്ങളിലും പാടശേഖരങ്ങളിലും മാത്രമാണ് കൃഷി നടക്കുന്നത്. ചിലർ കുഴൽക്കിണറുകൾ കുത്തി വെള്ളത്തിനായി ആശ്രയിക്കുന്നുണ്ട്. വേനൽമൂലം വരൾച്ച കൂടുതലായാൽ തോടുകളിലെയും നീർച്ചാലുകളിലെയും ജലവും വറ്റിവരളും. ഇതോടെ പയർ, പാവൽ, പടവലം തുടങ്ങിയ പച്ചക്കറി കൃഷിയും ഏത്തവാഴ കൃഷിയും പ്രതിസന്ധിയിലാകും. വിഷുവിപണി ലക്ഷ്യമാക്കിയാണ് കർഷകർ കൃഷി ആരംഭിച്ചിരിക്കുന്നത്. എന്നാൽ ചൂടിന്റെ കാഠിന്യത്തിൽ കുലച്ചവാഴകൾ പോലും ഒടിഞ്ഞു വീഴുന്ന സ്ഥിതിയാണ്. പലയിടത്തും കർഷകർ പാട്ടത്തിനെടുത്തു കൃഷി ചെയ്ത വാഴകൾ ചൂടു താങ്ങാതെ ഒടിഞ്ഞു തൂങ്ങി. ചൂട് താങ്ങാനാവാതെ റബർ മരങ്ങളുടെ തളിരിലകൾ കൊഴിഞ്ഞു പോകുന്നത് വ്യാപകമായതോടെ ടാപ്പിംഗ് നിലച്ചു. ഏറെക്കാലത്തിനു ശേഷം റബർ വില കിലോയ്ക്ക് 215ൽ എത്തിയപ്പോഴാണ് ഉത്പാദനം നിലച്ച അവസ്ഥ.

കടംവാങ്ങി കൃഷിയിറക്കി, ഒടുവിൽ പൊള്ളി

പൂവൻ, ഞാലിപ്പൂവൻ ഇനങ്ങൾക്ക് ലഭിക്കുന്ന മികച്ച വിലയിൽ ആകൃഷ്ടരായാണ് പലരും വാഴ കൃഷിയിലേക്ക് തിരിഞ്ഞത്. വിലയിടിഞ്ഞതോടെ റബർ വെട്ടിമാറ്റി വാഴ കൃഷിയിലേക്ക് തിരിഞ്ഞവരും നിരവധിയാണ്. ഇവർക്കെല്ലാം കടുത്ത വേനൽ തിരിച്ചടിയായിരിക്കുകയാണ്. കടം വാങ്ങിയും വായ്പയെടുത്തും കൃഷി ഇറക്കിയ പലർക്കും കൃഷി നശിച്ചതോടെ വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിൽ നെടുംകുന്നം, കറുകച്ചാൽ മേഖലകളിലാണ് നാടൻ ഏത്തവാഴ കൃഷി വ്യാപകമായുണ്ടായിരുന്നത്. ഗ്രാമച്ചന്തകളും കർഷക ഓപ്പൺ മാർക്കറ്റുകളും നിലച്ചുപോയതിനാൽ വിപണന സാദ്ധ്യതയും നഷ്ടമായി.

പശുവളർത്തൽ പ്രതിസന്ധി

തീറ്റപുല്ലിനും വെള്ളത്തിനും ക്ഷാമമായതോടെ പശുവളർത്തലിൽ ഏർപ്പെട്ടവർ ബുദ്ധിമുട്ടിലായി. പശുപരിപാലന ചെലവ് കൂടിയതിനൊപ്പം സ്വകാര്യ കമ്പനികൾ പാലിന് വില കൂട്ടി. കുരുമുളക് വില കിലോയ്ക്ക് 700 രൂപ കടന്ന സമയത്ത് വള്ളികൾ ഉണങ്ങി കുരുമുളക് കൊഴിയുകയാണ്. പച്ചക്കറി നശിച്ചാൽ വിള ഇൻഷ്വറൻസ് ഉണ്ടെങ്കിലും തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. അതിനും കാലത്താമസമെടുക്കും.

''കാർഷിക മേഖല തകർന്നടിഞ്ഞു. കർഷകർ ആത്മമഹത്യയുടെ വക്കിലാണ്. മൃഗപരിപാലനത്തിലും വിഷു ലക്ഷ്യമാക്കി പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്കും പാറമടകളിൽ നിന്ന് വെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം

എബി ഐപ്പ് (കർഷക കോൺഗ്രസ്‌ )