ആറുവയസുകാരിയുടെ മരണം; ഒന്നരവർഷം ലൈംഗികപീഡനം, പ്രതിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധന

Monday 16 February 2026 5:45 PM IST

കൊച്ചി: എളമക്കരയിൽ പിതാവ് കൊലപ്പെടുത്തിയ ആറുവയസുകാരി ലൈംഗികാതിക്രമം നേരിട്ടിരുന്നെന്ന കേസിൽ ഡിഎൻഎ പരിശോധന നിർണായകമാകും. കുട്ടിയ പീഡിപ്പിച്ചയാളെ ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് പൊലീസ് പറയുന്നത്. ഇൻക്വസ്റ്റ് തയ്യാറാക്കിയപ്പോൾ തന്നെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ശേഖരിച്ച സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്‌ക്കായി അയച്ചിരിക്കുകാണ്.

കഴിഞ്ഞ 16നായിരുന്നു എളമക്കര പോണേക്കരയിലെ വീട്ടിൽ ആലപ്പുഴ സ്വദേശിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിക്ക് വിഷം നൽകിയ ശേഷം അച്ഛൻ തൂങ്ങിമരിക്കുകയായിരുന്നു. പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപും കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്​റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോക്‌സോ കേസ് രജിസ്​റ്റർ ചെയ്താണ് പൊലീസ് അന്വേഷണം തുടരുന്നത്. കുട്ടിയുടെ അമ്മ കൊച്ചിയിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരിയാണ്. അച്ഛൻ കഴിഞ്ഞ കുറച്ചുമാസങ്ങളായി ജോലിക്ക് പോകാതെ വീട്ടിൽ തന്നെയുണ്ടായിരുന്നു. ആരാണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം കുട്ടിയുടെ ബന്ധുക്കളിലേക്കും അച്ഛന്റെ സുഹൃത്തുക്കളിലേക്കും പൊലീസ് വ്യാപിപ്പിച്ചിരുന്നു. കുട്ടി ഉപദ്രവത്തിനിരയായത് അറിയില്ലെന്നാണ് അമ്മ മൊഴി നൽകിയത്.

ചേർത്തല പാണാവള്ളി സ്വദേശിയാണ് കുട്ടിയുടെ അച്ഛൻ. പോണേക്കരയിലെ സെന്റ് സേവ്യേഴ്സ് റോഡിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. മകളെ കിടക്കയിൽ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങിനിൽക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്.