കുട്ടിക്കൂട്ടങ്ങളുടെ അപകട ഡ്രൈവിംഗ്
സമ്പന്നരുടെ കോടികൾ വിലമതിക്കുന്ന ലംബോർഗിനി, ഫെരാരി, റോൾസ് റോയിസ് തുടങ്ങിയ കാറുകൾ നിരത്തിലൂടെ ഓടുന്നതു കാണുമ്പോൾ കാഴ്ചക്കാർക്ക് കൗതുകത്തിനൊപ്പം തന്നെ ഭയവും തോന്നാറുണ്ട്. കാരണം, പലപ്പോഴും അതോടിക്കുന്നത് സമ്പന്നരുടെ പ്രായപൂർത്തിയാകാത്ത മക്കളായിരിക്കും. അമിത വേഗതയിലാവും കാർ ചീറിപ്പായുന്നത്. ഇത്തരം കാറുകൾ ഇടിച്ച് ഇന്ത്യയിൽ പല സ്ഥലങ്ങളിലും അപകടങ്ങൾ ഉണ്ടാകുന്നത് വലിയ വാർത്തകൾ സൃഷ്ടിക്കാറുണ്ട്. കാൺപൂരിൽ അടുത്തിടെ വൻകിട കയറ്റുമതി കച്ചവടക്കാരന്റെ മകൻ ഓടിച്ചിരുന്ന ലംബോർഗിനി ആറുപേരെയാണ് ഇടിച്ചുതെറിപ്പിച്ചത്. ബൈക്ക് യാത്രക്കാരനും വഴിയാത്രക്കാരും ഗുരുതരമായി പരിക്കേറ്റവരിൽ ഉൾപ്പെട്ടിരുന്നു. പൊലീസ് ആദ്യം ഇട്ട എഫ്.ഐ.ആറിൽ സമ്പന്നന്റെ മകന്റെ പേര് ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വലിയ ജനരോഷം ഉയർന്നതിനെത്തുടർന്നാണ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സമ്പന്നന്റെ മകന്റെ പേരിൽ കേസെടുത്തത്.
കേരളത്തിലും, അപകടമുണ്ടായില്ലെങ്കിലും ആഡംബര വാഹനങ്ങൾ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ചതിന്റെ പേരിൽ കേസുകളുണ്ടായിട്ടുണ്ട്. നിമിഷനേരംകൊണ്ട് അമിതവേഗതയിൽ ചീറിപ്പായാനുള്ള സംവിധാനങ്ങളുള്ള ഇത്തരം കാറുകൾ പരിചയസമ്പന്നരല്ലാത്തവർ ഓടിക്കുന്നത് ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാണ്. ലൈസൻസില്ലാത്ത, പ്രായപൂർത്തിയാകാത്തവർ അതോടിച്ചാൽപ്പിന്നെ പറയുകയും വേണ്ട. ഈ പശ്ചാത്തലത്തിൽ 18 വയസാകും മുൻപ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടു പോകുന്നതിനെ കുറ്റം പറയാനാകില്ല. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയാൻ 2019-ലാണ് കേന്ദ്ര മോട്ടോർ വാഹന നിയമം പരിഷ്കരിച്ച് തടവുശിക്ഷ കൂടി ഉൾപ്പെടുത്തിയത്. എന്നാൽ കേരളത്തിലുൾപ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നിയമം കർശനമായി നടപ്പാക്കിയിരുന്നില്ല.
തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രത്യേക പരിശോധനയിൽ പതിനെട്ട് തികയാത്ത 32 പേരെയാണ് വാഹനമോടിച്ചതിന്റെ പേരിൽ പിടികൂടിയത്. ഇത്തരക്കാർ ഓടിക്കുന്ന വാഹനങ്ങൾ അപകടമുണ്ടാക്കുന്നത് പതിവായതോടെ കേന്ദ്ര നിയമം കർശനമായി ഇവിടെയും നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇതിൻ പ്രകാരം കുട്ടികൾ വാഹനമോടിച്ചാൽ ആർ.സി ഉടമയോ വാഹനം കൈവശം വച്ചിരിക്കുന്നയാളോ മുഖ്യ പ്രതിയാകും. 25,000 രൂപ പിഴയും ആറുമാസം വരെ തടവുമാണ് ശിക്ഷ. പ്രായപൂർത്തിയാകാത്ത വ്യക്തിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ജുവനൈൽ ഹോമിൽ പാർപ്പിക്കാം. കൂടാതെ, ഇത്തരം കേസുകളിൽപ്പെടുന്നവർക്ക് 25 വയസുവരെ ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാനാവില്ല.
കുറ്റവാളികളായ കുട്ടികൾ മോഷ്ടിച്ചെടുത്ത വാഹനങ്ങളിൽ വിലസുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
ലഹരിക്കടത്ത് സംഘത്തിന്റെ വലയിൽപ്പെട്ട കുട്ടികളും മാല മോഷണ സംഘത്തിൽപ്പെട്ട കുട്ടികളും മോഷ്ടിച്ച വാഹനങ്ങളാണ് പല കാരണങ്ങളാൽ മിക്കവാറും കുറ്റകൃത്യത്തിനായി തിരഞ്ഞെടുക്കുന്നത്. രാത്രിയും പകലുമെന്നില്ലാതെ റോഡിൽ റേസിംഗ് നടത്തുന്നതും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ്.
അതേസമയം കോളേജിൽ പഠിക്കുന്ന 16 കഴിഞ്ഞ വിദ്യാർത്ഥി ഇക്കാലത്ത് ബൈക്ക് പോലും ഓടിച്ചുകൂടാ എന്ന് ശഠിക്കുന്നത് പ്രായോഗികമാണോ എന്നും അധികൃതർ പരിശോധിക്കേണ്ടതാണ്. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഓടാത്ത തരത്തിലുള്ള ചെറിയ സ്‌കൂട്ടറുകളും മറ്റും ഇവർക്ക് ഓടിക്കാൻ പ്രത്യേക ലൈസൻസ് നൽകുന്നതിനെപ്പറ്റിയും ആലോചിക്കാവുന്നതാണ്. എന്തായാലും പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ ഉടമയ്ക്കു കൂടി ഉത്തരവാദിത്വം വരുന്നതും തടവ് ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുന്നതും ഇത്തരം പ്രവണതയ്ക്ക് കൂച്ചുവിലങ്ങിടുമെന്ന് പ്രതീക്ഷിക്കാം.