മികച്ച കർഷകന്റെ ആത്മഹത്യ
സംസ്ഥാനത്ത് വീണ്ടും ഒരു കർഷക ആത്മഹത്യ കൂടി ഉണ്ടായിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കണ്ണൂർ ജില്ലയിലെ ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ടാണ് ജീവനൊടുക്കിയത്. മികച്ച കർഷകനുള്ള പുരസ്കാരം നേടിയ കർഷകനാണ് ഈ ദുർഗതി സംഭവിച്ചതെന്നത് നിർഭാഗ്യകരാണ്. 12 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്തുവരികയായിരുന്നു ഏലിയാസ്. കഴിഞ്ഞ 35 വർഷമായി പച്ചക്കറി കർഷകനാണ്. പാവൽ, വാഴ, പയർ, പടവലം തുടങ്ങിയവയായിരുന്നു കൃഷിചെയ്തിരുന്നത്. വിളനാശവും വിലത്തകർച്ചയും കാരണം കടക്കെണിയിലായതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കർഷകന്റെ കുടുംബം പറയുന്നു. 2019-ൽ കണ്ണൂർ ജില്ലയിൽ മികച്ച കർഷകനുള്ള പുരസ്കാരം നേടിയ ഏലിയാസിന്റെ ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതാണ്.
കീടനാശിനി കഴിച്ച് അവശനിലയിലായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലിരിക്കെ കൃഷിവകുപ്പിൽ നിന്നുള്ള ഒരുലക്ഷത്തോളം രൂപ ഏലിയാസിന് ലഭിക്കുകയുണ്ടായി. ഈ സബ്‌സിഡി തുക സമയത്ത് ലഭിച്ചിരുന്നെങ്കിൽ ഒഴിവാക്കാനാകുന്നതായിരുന്നു, ഏലിയാസിന്റെ ആത്മഹത്യ. സർക്കാർ ആനുകൂല്യങ്ങൾ പോലും സമയബന്ധിതമായി ലഭിക്കാത്തതാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സബ്‌സിഡി ആനുകൂല്യങ്ങൾക്കായി നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങിയ വ്യക്തിയാണ് ഏലിയാസ്. ഏലിയാസിന് 40 ലക്ഷത്തിലധികം രൂപ കടമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്യുമെങ്കിലും ഫലത്തിൽ അതൊന്നും നടപ്പിലാവാറില്ല എന്നതാണ് രാജ്യത്തെയും; വിശിഷ്യാ, കേരളത്തിലെയും കർഷകരുടെ ആത്മഹത്യാ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കടക്കെണിയെത്തുടർന്ന് രാജ്യത്ത് പതിനായിരത്തോളം കർഷകരാണ് ജീവനൊടുക്കിയത്. ഇക്കാലയളവിൽ കേരളത്തിൽ 91 കർഷകരാണ് ആത്മഹത്യ ചെയ്തത്. സർക്കാരിതര സംഘടനകളാണ് ഈ കണക്കുകൾ വിശദമായ പഠനങ്ങൾക്കുശേഷം നൽകുന്നത് എന്നതിനാൽ അത് വിശ്വസനീയമാണ്. കാലാവസ്ഥാ വ്യതിയാനം, ജലലഭ്യതക്കുറവ്, വിളകളിലെ രോഗബാധ തുടങ്ങിയവയാണ് കർഷകരുടെ ജീവിത പ്രതിസന്ധിക്ക് പ്രധാന കാരണങ്ങൾ. കർഷകർക്കു പുറമെ, കർഷക തൊഴിലാളികളിലും ആത്മഹത്യാ നിരക്ക് കൂടുന്നതല്ലാതെ കുറയുന്നില്ല.
കാർഷികവൃത്തി ജീവിതമാർഗമായി കണ്ടെത്തുന്നവർ പ്രതിസന്ധിയിലാവുമ്പോൾ പ്രാദേശികമായി പണം പലിശയ്ക്ക് നൽകുന്നവരിൽ നിന്നാണ് കടം വാങ്ങുന്നത്. കൃഷി ചെയ്ത് ലാഭമുണ്ടാക്കി ഇത് തിരികെ നൽകുക എന്നത് നടക്കാത്ത കാര്യമാണ്. കടം നൽകിയവരുടെ ഭീഷണിയും, സർക്കാരിൽ നിന്ന് ലഭിക്കേണ്ട ന്യായമായ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള പണം ചുവപ്പുനാടയിലും മറ്റും കുരുങ്ങി സമയത്ത് കിട്ടാതിരിക്കുകയും ചെയ്യുമ്പോൾ അവർക്കു മുന്നിൽ മറ്റു വഴികളില്ലാതെ വരുമ്പോഴാണ് ഭൂരിപക്ഷം പേരും സ്വയം ജീവനൊടുക്കാൻ തീരുമാനിക്കുന്നത്. കർഷകരുടെ ജീവൻ രക്ഷിക്കാനുള്ള പ്രഖ്യാപനങ്ങളല്ല, നടപടികളാണ് ഇനി വേണ്ടത്.