കോട്ടയം മെഡി.കോളേജ് മദ്ധ്യകേരളത്തിലെ മികച്ച ആരോഗ്യ സ്ഥാപനം : മുഖ്യമന്ത്രി 

Tuesday 17 February 2026 12:55 AM IST

കോട്ടയം : ആരോഗ്യമേഖലയിൽ തലയുയർത്തി നിൽക്കുന്നതും മദ്ധ്യകേരളത്തിലെ മികച്ച ആരോഗ്യസ്ഥാപനവുമാണ് കോട്ടയം മെഡിക്കൽ കോളേജെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാർ മാത്രം ആശ്രയിച്ചിരുന്ന സർക്കാർ ആശുപത്രികളുടെ സേവനം ഇപ്പോൾ എല്ലാ വിഭാഗം ആളുകളും സ്വീകരിച്ചു തുടങ്ങി. എല്ലാ വിഭാഗം ജനവിഭാഗങ്ങൾക്കും ഉന്നത ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ, സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റിയോട് കിടപിടിക്കുന്ന ആശുപത്രികളായി സർക്കാർ ആശുപത്രികൾ മാറി. കിഫ്ബിയിൽ നിന്ന് 257 കോടി രൂപ ചെലവിട്ട് നിർമ്മിച്ച പുതിയ സർജിക്കൽ ബ്ലോക്ക് ഉൾപ്പെടെ കോട്ടയം മെഡിക്കൽ കോളേജിലെ 15 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരളം എന്നത് സങ്കൽപ്പമല്ല, യാഥാർത്ഥ്യമാണ്. സംസ്ഥാനത്ത് എവിടെയും ആ മാറ്റം പ്രകടമാണ്. ആരോഗ്യരംഗത്തെ നേട്ടത്തിന് ഡോക്ടർമാരും ജീവനക്കാരും നൽകുന്ന സംഭാവന വലുതാണ്. സർക്കാർ ആശുപത്രികൾ മാത്രമല്ല, നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്. പ്രവർത്തനലാഭത്തിനൊപ്പം സേവനം എന്ന രീതി കൂടി പിന്തുടരുന്നവയാണ് അവയിൽ പലതുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വീണ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും മികച്ച ചികിത്സ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്തമാക്കാൻ സാധിച്ചെന്ന് മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ 1150 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്തുവർഷം കൊണ്ട് നടത്തിയതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. എം.പിമാരായ അഡ്വ.കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി വിശ്വനാഥൻ, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, സി.ജയ്‌മോൻ, ആനന്ദ് പഞ്ഞിക്കാരൻ, ഒ.എ സജി, മറിയാമ്മ ഫിലിപ്പ്, റോസിലി ടോമിച്ചൻ, ഡോ.എൻ.പ്രിയ, ഡോ. ടി.കെ ജയകുമാർ, ഡോ.വർഗീസ് പി.പുന്നൂസ്, അരവിന്ദ് സച്ചിൻ, വി.പി കണ്ണൻ, ലിനി ജോസഫ്, ടി.ആർ രാധ, കെ.പി ജയപ്രകാശ്, പി.കെ ഉഷ, സി.ജെ ജോസഫ് എന്നിവർ പങ്കെടുത്തു.