വിതുര തൊടുപുഴ ഫാസ്റ്റ് ബസ് സർവീസ് പുനരാരംഭിക്കണം
വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും തൊടുപുഴയിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊട്ടാരക്കര കോട്ടയം വഴിയാണ് തൊടുപുഴ ബസ് ഓടിയിരുന്നത്. മികച്ച കളക്ഷനുമായി ജനോപകാരപ്രദമായി വർഷങ്ങളായി സർവീസ് നടത്തിയിരുന്ന സർവീസ് നിറുത്തലാക്കിയിട്ട് അഞ്ച് വർഷമാകുന്നു. കൊവിഡിന്റെ മറവിലാണ് സർവീസ് നിറുത്തലാക്കിയത്. കാെവിഡ് വ്യാപനം കഴിഞ്ഞ ശേഷം മറ്റ് സർവീസുകൾ പുനരാരംഭിച്ചെങ്കിലും തൊടുപുഴ സർവീസ് തുടങ്ങിയില്ല. സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ എം.പിക്കും എം.എൽ.എക്കും നിവേദനങ്ങൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. ഇടയ്ക്ക് സർവീസ് പുനരാരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും യാഥാർത്ഥ്യമായില്ല. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
ശാസ്താംകാവ് ബസും
വിതുര ഡിപ്പോയിൽനിന്നും ശാസ്താംകാവ് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഏക ബസ് സർവീസും നിറുത്തലാക്കിയിട്ട് വർഷങ്ങളായി. കൊവിഡിന്റെ മറവിലാണ് ശാസ്താംകാവ് ബസും നിറുത്തലാക്കിയത്. ഇതോടെ വിദ്യാർത്ഥികളും ബുദ്ധിമുട്ടിലായി. ബസ് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വാഗ്ദാനം കടലാസിലുറങ്ങുകയാണ്. സർവീസ് അടിയന്തരമായി പുരനരാരംഭിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ശാസ്താംകാവ് നിവാസികൾ അറിയിച്ചു.