'മാസാ"ണ് തായത്തെരുവിലെ മാസ് കട
കണ്ണൂർ: ലോകത്ത് ഏറ്റവും പ്രിയമുള്ള മീനുകളിലൊന്നായ ട്യൂണയെ പ്രത്യേക രീതിയിൽ സംസ്കരിച്ചുണ്ടാക്കുന്ന മാസ് കൊണ്ടുള്ള വിഭവങ്ങൾ വടക്കെമലബാറിൽ ഗൃഹാതുരയുണർത്തുന്ന രുചികളിലൊന്നാണ്. സമുദ്രവിഭവങ്ങൾക്ക് പേരുകേട്ട ലക്ഷദ്വീപിൽ സാംസ്‌കാരിക ചിഹ്നമെന്ന നിലയിൽ കൂടി അറിയപ്പെടുന്ന മാസ് അടക്കമുള്ള ഉത്പന്നങ്ങൾ ലഭിക്കുന്ന ഒരു കടയുണ്ട് കണ്ണൂരിൽ. തായത്തെരുവിലെ മൊയ്തീൻ പള്ളിക്ക് സമീപം അറക്കലത്ത് മുഹമ്മദ് നസീറിന്റെ ഉടമസ്ഥതയിൽ. അറക്കൽ രാജവംശത്തിന്റെ പ്രതാപകാലത്ത് സ്ഥാപിതമായ വാണിജ്യ പാതകളിലൂടെ സഞ്ചരിച്ച് ഇന്നും കണ്ണൂരിലെത്തുന്ന ലക്ഷദ്വീപിന്റെ പാരമ്പര്യ വിഭവങ്ങളുടെ ഇങ്ങേപ്പുറത്തെ കണ്ണിയാണ് മുഹമ്മദ് നസീർ. മാസ്, കറിയും ചമ്മന്തിയും അച്ചാറുമൊക്കെയായി തീൻമേശകളിലെത്തുന്നത് ലക്ഷദ്വീപിൽ നിന്നുള്ള കയറ്റുമതിയിലൂടെയാണ്. വിശേഷാൽ നോമ്പുകാലത്ത് അത്താഴത്തിന് മാസ് എന്നത് കണ്ണൂർകാർക്ക് ഒഴിച്ചുകൂടാനാകാത്ത വിഭവങ്ങളിലൊന്നുമാണ്.
നസീറിന്റെ കട ഒരു സാംസ്‌കാരിക കേന്ദ്രം പോലെയാണ്. പന്ത്രണ്ടു വർഷമായി ലക്ഷദ്വീപിന്റെ വിവിധ വിഭവങ്ങൾ ഇവിടെ ലഭ്യമാക്കുന്ന നസീർ നേരത്തെ ഫോട്ടോഗ്രാഫറും ഗൾഫിൽ സ്റ്റുഡിയോ ഉടമയുമായിരുന്നു. ഡിജിറ്റൽ യുഗത്തിന്റെ വരവോടെ സ്റ്റുഡിയോ ബിസിനസ് മുരടിച്ചപ്പോൾ 2012ൽ നസീർ തിരിച്ചെത്തി. ഭാര്യാപിതാവിന്റെ ഫ്‌ളോർ മില്ലിലായിരുന്നു ഈ കടയുടെ തുടക്കം. ലക്ഷദ്വീപിൽ നിന്ന് മംഗളൂരു, കൊച്ചി വഴി സാധനങ്ങൾ എത്തിക്കും. നസീറിന്റെ കടയിൽ നിന്നുള്ള പാരമ്പര്യവിഭവങ്ങളുടെ പ്രധാന ഉപഭോക്താക്കൾ പ്രവാസികളാണ്. റെഡി ടു ഈറ്റ് മാസ് മിക്സ് മുതൽ പരമ്പരാഗത അച്ചാർ വരെ ഈ കടയിൽ ലഭ്യമാണ്.
അറക്കലിൽ പ്രിയമേറിയ ബെണ്ടിയും
ഇളം തേങ്ങയും ശർക്കരയും ഏലക്കാപ്പൊടിയും കലർത്തി പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന ബെണ്ടി എന്ന പലഹാരവും ഈ കടയിൽ ലഭിക്കും. അറക്കൽ റാണിമാരുടെ പ്രിയപ്പെട്ട പലഹാരങ്ങളിലൊന്നായിരുന്നു ഇത്. രാജകുടുംബത്തിലെ പ്രത്യേക അവസരങ്ങളിൽ മാത്രം തയ്യാറാക്കിയിരുന്ന ഈ സ്വാദ് ഇന്ന് സാധാരണക്കാർക്കും ഇതിലൂടെ ലഭിക്കുന്നു. പാടച്ചക്കരയും തേങ്ങയും അരിപ്പൊടിയും ചേർത്ത് ഒരു തുള്ളി മായമില്ലാതെ തയ്യാറാക്കുന്ന അർഫ് എന്ന മറ്റൊരു പാരമ്പര്യ പലഹാരവും ഇവിടെയുണ്ട്. തെങ്ങിൻകള്ളിൽ നിന്ന് പ്രത്യേക രീതിയിൽ വാറ്റിയെടുക്കുന്ന സുർക്ക വിനാഗിരിയ്ക്ക് പകരം ഉപയോഗിക്കപ്പെടുന്നതാണ്. അച്ചാർ തയ്യാറാക്കുന്നതിൽ ഒഴിച്ചുകൂടാനാകാത്തതാണിത്. ശുദ്ധമായ സുർക്കയിൽ കുതിർത്തുണ്ടാക്കിയ അച്ചാർ മാസങ്ങളോളം നിൽക്കും.
ചരിത്രത്തിന്റെ തിരുശേഷിപ്പ്
കണ്ണൂരും ലക്ഷദ്വീപും തമ്മിൽ ചരിത്രത്തിന്റെ ആഴങ്ങളിൽ പതിഞ്ഞ സാംസ്‌കാരിക തുടർച്ച കൂടിയാണ്. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ ബീവികളുടെ ഭരണത്തിൻകീഴിലായിരുന്നു ഒരുകാലത്ത് ലക്ഷദ്വീപ്. പശുവിൻ നെയ്യ്, അരി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ കപ്പലിൽ ലക്ഷദ്വീപിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും അന്ന് അയച്ചിരുന്നു. തിരിച്ചുവരുന്ന കപ്പലുകളിലാണ് മാസ്, പാടച്ചക്കര, ബെണ്ടി തുടങ്ങിയ ദ്വീപിലെ പ്രത്യേക വിഭവങ്ങൾ കണ്ണൂരിലെത്തിയിരുന്നത്.