വിശാൽ- ധൻസിക വിവാഹം വൈകുന്നതിന് പിന്നിൽ ?

Tuesday 17 February 2026 2:24 AM IST

നടൻ വിശാലുമായി വിവാഹം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി സായ് ധൻസിക, നടികർ സംഘത്തിന്റെ കെട്ടിടം പണി പൂർത്തിയായശേഷമാകും വിവാഹം. അതിനാൽ വിവാഹ തീയതി പറയാൻ കഴിയില്ല. ആ കെട്ടിടം പൂർത്തീകരിക്കണം എന്നത് വിശാലിന്റെ സ്വപ്നമാണ്. അഞ്ച് വർഷമായി ആ സ്വപ്നവുമായി ജീവിച്ച് വരികയല്ലേ. അതിനെ തടുക്കാൻ ആർക്കെങ്കിലും കഴിയുമോ?', ധൻസിക ചോദിച്ചു .

. 47-ാം വയസിലാണ് വിശാലിന്റെ വിവാഹമെന്നത് ശ്രദ്ധേയം. സായ് ധൻസികയും വിശാലും തമ്മിൽ ഏറെ നാളായി സൗഹൃദത്തിൽ ആയിരുന്നു

'പത്ത് വയസ് പ്രായ വ്യത്യാസം വലിയ കാര്യമല്ല. ഞാൻ പക്വതയുള്ള ആളാണ് . എനിക്ക് വേണ്ടതും അത്തരം ഒരു പങ്കാളിയെയാണ്. അതിനാൽ തന്നെ പ്രായ വ്യത്യാസത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. പരസ്പര വിശ്വാസവും സ്നേഹവും ഉണ്ടായാൽ മതി. അത് ഞങ്ങൾക്കിടയിലുണ്ട്. വിശാൽ ജീവിതത്തിൽ വന്നശേഷം എന്നിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു '. സായ് ധൻസികയുടെ വാക്കുകൾ.

കബാലി, പേരാൺമൈ, പരദേശി തുടങ്ങി തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സായ് ധൻസിക. ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം 'സോളോ'യിൽ നായികമാരിൽ ഒരാളായി ധൻസിക മലയാളത്തിലും സാന്നിധ്യം അറിയിച്ചു. സുന്ദർ സി സംവിധാനം ചെയ്യുന്ന പുരുഷൻ ആണ് വിശാലിന്റെ പുതിയ ചിത്രം. തമന്ന, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങൾ. കോമഡി ആക്ഷൻ സിനിമയാകും എന്നാണ് സൂചന.