'ഇത് വെറുമൊരു കളിയല്ല, രാജ്യത്തിന്റെ അന്തസ്സാണ് പോയത്', പാക് സൈന്യത്തിന് കടുത്ത അതൃപ്തി

Monday 16 February 2026 11:54 PM IST

ലാഹോര്‍: ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങളേക്കുറിച്ച് നല്‍കിവരുന്ന ഒരു വിശേഷണമാണ് ഇത് വെറുമൊരു മത്സരമല്ല എന്നത്. ഇരു രാജ്യങ്ങളിലേയും ആരാധകര്‍ വൈകാരികമായിട്ടാണ് ഈ പോരാട്ടത്തെ കാണുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ - പാക് പോരാട്ടങ്ങള്‍ക്ക് രാഷ്ട്രീയമാനവും കൈവന്നിട്ടുണ്ട്. കളത്തിന് പുറത്തെ സംഭവവികാസങ്ങളക്കൊണ്ട് കൂടി ശ്രദ്ധേയമാണ് ക്രിക്കറ്റിലെ ചിരവൈരികളുടെ ക്ലാസിക് പോര്.

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിയില്‍ പാകിസ്ഥാനില്‍ അമര്‍ഷം പുകയുകയാണ്. ടീമിനെ വിമര്‍ശിച്ച് മുന്‍ താരങ്ങളും രാഷ്ട്രീയ നേതൃത്വവും രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ തോല്‍വിയില്‍ പാക് സൈന്യത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയോടേറ്റ തോല്‍വിയെ കേവലം ഒരു കായിക പരാജയമായല്ല, മറിച്ച് രാജ്യത്തിന്റെ അന്തസ്സിനേറ്റ ആഘാതമായാണ് പാക് സൈന്യം വിലയിരുത്തുന്നത്.

ടീമിന്റെ മോശം തയ്യാറെടുപ്പിലും പിസിബിയുടെ വീഴ്ചകളിലും സൈനിക നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇത്തരം ആശങ്കകള്‍ പ്രധാനമന്ത്രിയുടെ സൈനിക സെക്രട്ടറി വഴി അസിം മുനീര്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൈന്യത്തിന്റെ അതൃപ്തി കണക്കിലെടുത്ത് മൊഹ്സിന്‍ നഖ്‌വിയെ പിസിബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ പ്രധാനമന്ത്രി ആലോചിക്കുന്നതായും അഭ്യൂഹമുണ്ട്.

ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഹ്‌സിന്‍ നഖ്‌വി അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചതിലും അസിം മുനീറിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് പിസിബിക്ക് ഐസിസി താക്കീത് നല്‍കിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് താനോ പാക് സര്‍ക്കാരോ ഭീഷണികളെ ഭയക്കുന്നില്ലെന്നും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഒരിക്കലും ഭയപ്പെടില്ല എന്നും നഖ്‌വി പറഞ്ഞിരുന്നു. ഇതിലാണ് അസിം മുനീര്‍ പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ചത്.