പൊന്ന്യത്തങ്കം ലോക ബ്രാന്റായി: സ്പീക്കർ
പൊന്ന്യം: ലോക കായികപ്രേമികളുടെ ബ്രാന്റായി പൊന്ന്യത്തങ്കം മാറിയിരിക്കുകയാണെന്നും തൃശൂർ പൂരത്തെപ്പോലെ ജനഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണെന്നും സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. പുല്ലോടി പാട്യം ഗോപാലൻ സ്മാരക ക്ലബ്ബിന്റെയും ഫോക്‌ലോർ അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തിൽ ഏഴരക്കണ്ടത്തിൽ നടക്കുന്ന പതിനൊന്നാമത് പൊന്ന്യത്തങ്കം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. പൊന്ന്യം കളരി അക്കാഡമിയും, മ്യൂസിയവും യാഥാർത്ഥ്യമാക്കാനായത് അഭിമാനകരമായ നേട്ടമാണെന്ന് സ്പീക്കർ പറഞ്ഞു. ഡി.ഐ.ജി. യതീഷ് ചന്ദ്ര കൊടിയേറ്റം നടത്തി. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുജയ അദ്ധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാർ, എൻ. അനൂപ്, മിനി പ്രസാദ്, എ. വാസു, സജീവ് മാറോളി, സജേഷ് സത്യ ലാൽ സംസാരിച്ചു. എൻ.പി. വിനോദ് കുമാർ സ്വാഗതവും പ്രോഗ്രാം ഓഫീസർ പി.വി. ലാവ്ലിൻ നന്ദിയും പറഞ്ഞു. തുടർന്ന് നൂറാം വാർഷികം ആഘോഷിക്കുന്ന തിരുവങ്ങാട് സി.വി.എൻ. കളരി സംഘത്തിന്റെ വിസ്മയകരമായ അടവുമുറകളാണ് ഏഴരക്കണ്ടം അങ്കത്തട്ടിനെ ഉണർത്തിയത്. ശിവദാസൻ ഗുരിക്കളും ശിഷ്യരും അങ്കത്തട്ടിൽ അടവ് മുറകൾ ഒന്നൊന്നായി പ്രയോഗിപ്പോൾ ശ്വാസമടക്കിയാണ് തിങ്ങി നിറഞ്ഞ ആയിരങ്ങൾ മായിക ക്കാഴ്ചകൾ കണ്ടു നിന്നത്. തൊഴുത്തിൽ തുടങ്ങി മൂന്നാൾ പയറ്റിലെത്തിയപ്പോൾ അരുൺ, അനുപ്, അഖിത്ത് എന്നിവർ അങ്കത്തട്ടിൽ വാൾത്തലപ്പുകൾ കൊണ്ട് അഗ്നി സ്‌ഫോടനം സൃഷ്ടിച്ചു. അനിലും, ഷിൻജുളും ചെറുവടിയിലും, വിജേഷും വൈഷ്ണവും കെട്ടുക്കാരിയിലും അനിതരസാധാരണമായ വൈദഗ്ധ്യം പ്രകടമാക്കി. ഉടവാൾ പയറ്റിന്റെ അതിശയകരമായ വഴക്കങ്ങളുമായി ശ്രീലക്ഷ്മിയും, അർജുനും കാണികളെ ത്രസിപ്പിച്ചു. ഒറ്റയിൽ സതീഷും, വരുണും പ്രാഗത്ഭ്യം തെളിയിച്ചപ്പോൾ, അരുണും അഖിത്തും വാൾപ്പയറ്റിൽ അഗ്നിജ്വാലകളായി. കഠാരപ്പയറ്റ് അനീഷും ഷിൻജുളും അവിസ്മരണീയമാക്കി. ശിവദാസ് ഗുരിക്കളുടെ മറപിടിച്ച് കുന്തവും വിജേഷ്, അനൂപ് എന്നിവരുടെ ഉറുമി പയറ്റും ഉറുമി വീശലും അഗ്നി ചിതറുന്ന പോരാട്ടം കാഴ്ചവെച്ചു.